‘എക്സിറ്റ് പോളിന്‍റെ മറവില്‍ ഓഹരി വിപണിയില്‍ നടന്നത് കോടികളുടെ അഴിമതി, ജെപിസി അന്വേഷണം വേണം’; മോദിക്കും ഷായ്ക്കുമെതിരെ രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, June 6, 2024

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോ​ദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ ഗുരുതര അഴിമതി ആരോപണവുമായി രാഹുൽ ​ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ മറവില്‍ മോദിയും അമിത് ഷായും ഓഹരി വിപണിയിലെ ഇടപെടലിലൂടെ നടത്തിയത് കോടികളുടെ തട്ടിപ്പാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അഴിമതിയില്‍ ജെപിസി അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ജൂൺ 4 ന് സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഇടിയുമെന്ന് മോദിയും അമിത് ഷായും പറഞ്ഞു. സ്റ്റോക്കുകൾ വാങ്ങിവെക്കാനും ആവശ്യപ്പെട്ടു. എന്നാൽ ജൂൺ 1-ന് വ്യാജ എക്സിറ്റ് പോൾ വരികയും ജൂൺ 4-ന് കോടികളുടെ നഷ്ടം ഉണ്ടായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നടന്നത് സ്റ്റോക്ക് മാർക്കറ്റിലെ ഏറ്റവും വലിയ അഴിമതിയാണ്. നിക്ഷേപകർ വഞ്ചിക്കപ്പെട്ടു. എക്സിറ്റ് പോൾ തെറ്റാണെന്ന് നരേന്ദ്ര മോദിക്ക് അറിയായിരുന്നു. എന്നാല്‍ സ്റ്റോക്ക് മാർക്കറ്റ് കുതിക്കുമെന്ന് മോദി പറഞ്ഞു. സെബി അന്വേഷണം നടക്കുന്ന കമ്പനിയുടെ ചാനലിൽ ആണ് മോദിയും അമിത് ഷായും ഈ പരാമർശങ്ങൾ നടത്തിയത്. തെറ്റിദ്ധരിപ്പിക്കലിലൂടെ ഇന്ത്യയിലെ സാധാരണക്കാരായ നിക്ഷേപകർക്ക് കോടികളാണ് നഷ്ടമായത്. സ്റ്റോക്ക് മാർക്കറ്റ് അഴിമതിയാണ് നടന്നതെന്നും ഇതിൽ മോദിക്കും അമിത് ഷായ്ക്കും പങ്കുണ്ടെന്നും രാഹുൽ പറഞ്ഞു.

എക്സിറ്റ് പോൾ വരാനിരിക്കെ മെയ് 31-ന് കോടികളുടെ വിദേശ നിക്ഷേപം ഉണ്ടായി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ടു വന്ന് ഓഹരിവിപണിയില്‍ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചതിനെ തുടർന്നാണ് വലിയ നിക്ഷേപമുണ്ടായത്. ജൂൺ 4-ന് ഓഹരിവിപണി ഇടിയുമെന്ന് പ്രധാനമന്ത്രിക്ക് വ്യക്തമായി അറിയാമായിരുന്നു. ഇതിലൂടെ പ്രധാനമന്ത്രിക്ക് അറിയാവുന്ന പലർക്കും വൻ നേട്ടമുണ്ടായിട്ടുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. 30 ലക്ഷം കോടിയുടെ നഷ്ടമാണ് മാർക്കറ്റിൽ ഉണ്ടായത്.

മോദിക്കും അമിത് ഷായ്ക്കും വ്യാജ എക്സിറ്റ് പോൾ നടത്തിയവർക്കുമെതിരെ അന്വേഷണം വേണം. എക്സിറ്റ് പോളുകള്‍ യഥാർത്ഥത്തിൽ നടന്നിട്ടുണ്ടോ എന്നതിലും അന്വേഷണം വേണം. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ 300 സീറ്റ് പോലും ലഭിക്കാൻ പോകുന്നില്ലെന്ന് മോദിക്ക് അറിയാമായിരുന്നു. ഇതിൽ ഉൾപ്പെട്ടിട്ടുള്ള നിക്ഷേപകർ ആരൊക്കെയാണെന്ന് ഊഹമുണ്ട്, അന്വേഷണത്തിലൂടെ അത് തെളിയിക്കണം. ഓഹരി വിപണിയിലെ വന്‍ അഴിമതി സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അന്വേഷിക്കണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. ​ഡല്‍ഹിയില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി മോദിയും അമിത് ഷായും ഉള്‍പ്പെട്ട അഴിമതി തുറന്നുകാട്ടിയത്.