ന്യൂഡല്‍ഹി : ലഖിംപുർ ഖേരി കേസിൽ യോഗി സർക്കാരിന് രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യത്തിന് എതിരെ അപ്പീൽ നൽകാൻ വൈകിയതിനാണ് വിമർശനം. ജാമ്യവിഷയത്തിലെ സർക്കാർ തീരുമാനം അറിയാൻ വർഷങ്ങൾ കാത്തിരിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ അപ്പീൽ നൽകാൻ രണ്ട് തവണ യുപി സർക്കാരിന് കത്തെഴുതിയിരുന്നെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാൻ നടപടിയുണ്ടാകണമെന്ന് അന്വേഷണ മേൽനോട്ടത്തിനായി നിയോഗിച്ച റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയും യുപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സുപ്രീം കോടതിക്ക് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് കൈമാറി.
അതേസമയം ലഖിംപുർ ഖേരി സംഭവത്തിന്‍റെ ഗൗരവം അലഹബാദ് ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന് ഇരകളുടെ കുടുംബം ആരോപിച്ചു. മാര്‍ച്ച് 10 ന് ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നദിവസം തന്നെയാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചത്. അയ്യായിരം പേജുള്ള കുറ്റപത്രത്തിൽ കൊലപാതകം, ആയുധമുപയോഗിച്ചുള്ള വധശ്രമം, ക്രിമിനൽ ഗൂഢാലോചനയടക്കം ഗുരുതരമായ വകുപ്പുകളാണ് ആശിഷ് മിശ്രയ്ക്കും മറ്റ് 13 പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
ഒക്ടോബർ മൂന്നിനാണ് ആശിഷ് മിശ്രയുടെ വാഹനമിടിച്ച് കർഷകരും പ്രാദേശിക മാധ്യമപ്രവർത്തകനുമടക്കം എട്ടുപേർ കൊല്ലപ്പെട്ടത്. കർഷക പ്രതിഷേധത്തിനിടയിലേക്ക് ആശിഷ് മിശ്രയുടെ വാഹനം ഇടിച്ചുകയറുകയായിരുന്നു. ആശിഷ് മിശ്രയുടെ തോക്കിൽ നിന്ന് വെടി ഉതിർത്തിരുന്നതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു.