റഫാല്‍ : സുപ്രീംകോടതി വിധി ഇന്ന്

Jaihind Webdesk
Friday, December 14, 2018

Rafale-Deal-France

റഫാല്‍ ഇടപാടില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇടപാടിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് കോടതി വിധി പറയുന്നത്.ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവം നടത്തുക.

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂറി, യശ്വന്ത് സിന്‍ഹ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഹര്‍ജിയെ തുടര്‍ന്ന് ഇടപാടുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്രമങ്ങളും രേഖകളും ഹാജരാക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ വിമാനങ്ങളുടെ യഥാര്‍ഥ വിലയും സാങ്കേതിക വിവരങ്ങളും കൈമാറാന്‍ കഴിയില്ലെന്നായിരുന്നു ആദ്യം കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. പിന്നീട് മുദ്രവെച്ച കവറില്‍ ഇവ കൈമാറി. വ്യോമസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കോടതി വിസ്തരിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ധാരണകള്‍ അട്ടിമറിച്ചാണ് എന്‍ഡിഎ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതെന്നും ഇതിന് പിന്നില്‍ അഴിമതി ഉണ്ടെന്നുമാണ് പ്രധാന ആരോപണം. അനില്‍ അമ്ബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയായി നിശ്ചയിച്ചതിലും ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.