മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പിൽ സുപ്രീം കോടതി തീരുമാനം ഇന്ന്; സർക്കാർ രൂപീകരണത്തിന് ആധാരമായ രേഖകൾ സുപ്രീംകോടതിയിൽ ഹാജരാക്കണം

മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പ് എപ്പോൾ നടക്കുമെന്ന് ഇന്ന് അറിയാം. സർക്കാർ രൂപീകരണത്തിന് ആധാരമായ രേഖകൾ സോളിസിറ്റർ ജനറൽ ഇന്ന് സുപ്രീംകോടതിയിൽ ഹാജരാക്കും. ദേവേന്ദ്ര ഫഡ്നാവിസിനോട് എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കാൻ നിർദ്ദേശം നൽകണമെന്നാണ് കോൺഗ്രസ്‌ ശിവസേന എൻ സി പി സഖ്യത്തിന്‍റെ ആവശ്യം.

മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായേക്കും. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ നൽകിയ കത്തും, ഭൂരിപക്ഷം അവകാശപ്പെട്ട് ഫഡ്നാവിസ് ഗവർണർക്ക് നൽകിയ കത്തും ഇന്ന് ഹാജരാക്കാനാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഈ കത്തുകളും മറ്റ് സാഹചര്യങ്ങളും പരിശോധിച്ച ശേഷമായിരിക്കും കോടതി വിഷയത്തിൽ തീരുമാനം എടുക്കുക. നിലവിലത്തെ സാഹചര്യത്തിൽ വിശ്വാസവോട്ടെടുപ്പിൽ ഫട്നാവിസിനെ താഴെയിറക്കാൻ ആവശ്യമായ എംഎൽഎമാർ കൂടെ ഉണ്ടെന്നാണ് കോൺഗ്രസ്‌ എൻസിപി-ശിവസേന നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിൽ എത്രയും വേഗം വിശ്വാസ വോട്ട് നേടാൻ സർക്കാരിന് നിർദ്ദേശം നൽകണം എന്നാണ് കോൺഗ്രസ്‌ എൻ സി പി ശിവ സേന പാർട്ടികളുടെ ആവശ്യം.

മഹാരാഷ്ട്രയിലെ രാഷ്ട്രപതിഭരണം റദ്ദാക്കിയത് നിയമപരമല്ലെന്നും ദേവേന്ദ്ര ഫട്നാവിസിനെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാർ ഇന്നലെ കോടതിയിൽ വാദിച്ചിരുന്നു. മുതിർന്ന അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിംഗ്വിയുമാണ് കോൺഗ്രസ്‌, എൻ സി പി പാർട്ടികൾക്ക് വേണ്ടി ഹാജരായത്. കേന്ദ്ര സർക്കാറിനുവേണ്ടിയായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് മഹാരാഷ്ട്രയിലെ ബിജെപിക്കും സ്വതന്ത്ര എംഎൽഎമാർക്കും വേണ്ടി മുകുൾ റോത്തഗി വാദിച്ചു. വിശ്വാസ വോട്ടെടുപ്പ് പരമാവധി നീട്ടിക്കൊണ്ട് പോകാനാണ് ബിജെപി ശ്രമം. ഇന്നലെ കേസിൽ വിശദമായ വാദം പൂർത്തിയായ ശേഷമാണ് രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത്.

ജസ്റ്റിസുമാരായ എന്‍.വി.രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികൾ പരിഗണിക്കുന്നത്.

Shivsenancpdevendra fadnavisMaharashtra
Comments (0)
Add Comment