മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ സുപ്രീംകോടതി വിധി ഇന്ന്; ബിജെപിയെ പ്രതിരോധത്തിലാക്കി സഖ്യത്തിന്‍റെ ശക്തി പ്രകടനം

Jaihind News Bureau
Tuesday, November 26, 2019

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിൽ സുപ്രീംകോടതി വിധി ഇന്ന്.  ബി.ജെ.പി സർക്കാർ രൂപീകരണത്തിനെതിരെ മഹാസഖ്യം നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി പറയുന്നത്. ജസ്റ്റിസുമാരായ എൻ.വി.രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരുടെ ബഞ്ചാണ് വിധി പറയുക.

അതിനിടെ, ബി.ജെ.പിക്ക് താക്കീതായി മുംബൈയില്‍ മഹാ സഖ്യത്തിന്‍റെ ശക്തി പ്രകടനം. മഹാരാഷ്ട്രയില്‍ ഒന്നിച്ചുനില്‍ക്കുമെന്നും ബി.ജെ.പിക്ക് ഗുണമാകുന്നതൊന്നും ചെയ്യില്ലെന്നും സഖ്യത്തിലെ എം.എല്‍.എ മാര്‍ പ്രതിജ്ഞ ചെയ്തു. മുംബൈ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ 162 എം.എല്‍.എമാരെ അണിനിരത്തിയായിരുന്നു മഹാസഖ്യത്തിന്‍റെ ശക്തിപ്രകടനം.

വൈകിട്ട് ഏഴ് മണിയോടെയാണ് എം.എൽ.എമാരുമായി ബസുകൾ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഗ്രാൻഡ് ഹയാത്തിലെത്തിയത്. ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യത്തിന്‍റെ ഭാഗമായി 162 പേർ. എൻ.സി.പി അധ്യക്ഷൻ ശരദ് പവാര്‍, മകളും എംപിയുമായ സുപ്രിയ സുലെ, രോഹിത് പവാര്‍ എന്നിവരാണ് ആദ്യം ഹോട്ടലിലെത്തിയത്. പിന്നീട് ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും. പിന്നീട് കോൺഗ്രസ് നേതാക്കൾ ഓരോരുത്തരായെത്തി. എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ ചൊല്ലിക്കൊടുത്ത ‘ഐക്യത്തിന്‍റെ സത്യപ്രതിജ്ഞ’ എംഎൽഎമാർ ഏറ്റുചൊല്ലി.

”ഒരു വാഗ്‍ദാനത്തിലും ഞാൻ വീണ് പോകില്ല. ബിജെപിയെ ഒരു തരത്തിലും ഞാൻ സഹായിക്കില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഒരിക്കലും ഭാഗഭാക്കാകില്ല”, എന്നായിരുന്നു പ്രതിജ്ഞ.

സഖ്യമുറപ്പിക്കാനാണ് ശരദ് പവാറിന്‍റെയും ഉദ്ധവ് താക്കറെയുടെയും അശോക് ചവാന്‍റെയും നേതൃത്വത്തില്‍ സഖ്യ എംഎല്‍എമാര്‍ പ്രതിജ്ഞ ചെയ്തത്. സഖ്യം തകർക്കാനാകില്ലെന്ന് ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകുന്നതായി മഹാസഖ്യത്തിന്‍റെ ശക്തിപ്രകടനം.