പെരുമാറ്റച്ചട്ട ലംഘനം : മോദിക്കും അമിത്ഷായ്‌ക്കും ക്ലീൻചിറ്റ് നൽകിയതിനെതിരായ ഹർജി ഇന്ന് പരിഗണിക്കും

Jaihind Webdesk
Wednesday, May 8, 2019

തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അദ്ധ്യക്ഷൻ അമിത്ഷായ്‌ക്കും ക്ലീൻചിറ്റ് നൽകിയതിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ രണ്ട് പരാതികള്‍ കൂടി കമ്മീഷൻ ഇരുവർക്കും ക്ലീൻ ചിറ്റ് നൽകിയിരുന്നു.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ നരേന്ദ്രമോദിയുടെ പരാമർശം ‘അശ്ലീല’മാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് സുപ്രീംകോടതിയിൽ സത്യവാങ്മൂലവും നൽകിയിട്ടുണ്ട്. ഒരു പ്രധാനമന്ത്രി മുൻ പ്രധാനമന്ത്രിയെക്കുറിച്ച് പറയാൻ പാടില്ലാത്ത രീതിയിലുള്ളതാണ് പരാമർശമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കമ്മീഷന്‍റെ നടപടികൾ വിവേചനപരവും ഏകപക്ഷീയവുമാണെന്ന് ഹർജി നൽകിയ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സുഷ്‌മിത ദേവ് എംപി പുതിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

മതത്തെയും സേനയുടെ നേട്ടങ്ങളെയും പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിർദ്ദേശം ലംഘിച്ചിട്ടും കമ്മിഷൻ നടപടിയെടുത്തില്ല. എന്നാൽ മോദിയും അമിത് ഷായും നടത്തിയതിന് സമാനമായ പ്രസംഗങ്ങൾ നടത്തിയവർക്കെതിരെ നടപടിയുണ്ടായി. ഇരുവർക്കുമെതിരായ പരാതികളിലെ നടപടികളിൽ സുതാര്യതയില്ലെന്നും ഹർജിൽ പറയുന്നു