അനില്‍ അംബാനി കുറ്റക്കാരനെന്ന് സുപ്രീം കോടതി; വിധി കോടതിയലക്ഷ്യ കേസില്‍

Jaihind Webdesk
Wednesday, February 20, 2019

എറിക്സണ്‍ ആര്‍ടികോ കേസില്‍ അനില്‍ അംബാനി കുറ്റക്കാരനെന്ന് സുപ്രീം കോടതി. കോടതിയലക്ഷ്യ കേസിലാണ് കോടതിയുടെ വിധി. നാല് ആഴ്ചയ്ക്കുള്ളില്‍ 453 കോടി രൂപ എറിക്സണിന് നല്‍കണം എന്ന ഉത്തവ് പാലിക്കാത്ത സാഹചര്യത്തില്‍ അനില്‍ അംബാനി  മൂന്നു മാസം തടവ്  അനുഭവിക്കണം. എറിക്‌സണ്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് എറിക്‌സണ്‍ കോടതിയെ സമീപിച്ചത്.  തന്‍റെ കൈയില്‍ പണമില്ലെന്ന് അനില്‍ അംബാനി കോടതിയെ അറിയിച്ചു. റാഫേല്‍ ഇടപാടില്‍ പങ്കാളിയായ അനില്‍ അംബാനിയുടെ ഈ വാദം കോടതി തള്ളി.

നേരത്തെ അനില്‍ അംബാനിയുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ ഉത്തരവ് തിരുത്തിയ സംഭവത്തില്‍ രണ്ട് സുപ്രീംകോടതി ഉദ്യോഗസ്ഥരെ അര്‍ദ്ധരാത്രിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചുവിട്ടിരുന്നു. സുപ്രീം കോടതി ചട്ടം 11 (13) പ്രകാരമാണ് നടപടി. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചുവിട്ടത്. എറിക്‌സണ്‍ ഇന്ത്യ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസുമാരായ റോഹിങ്ടന്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ച് ഈ മാസം ഏഴിന് പുറപ്പെടുവിച്ച വിധിയാണ് ജീവനക്കാര്‍ തിരുത്തിയത്.

അനില്‍ അംബാനിയോട് നേരിട്ട് കോടതിയില്‍ ഹാജരാകുന്നതിന് നിര്‍ദേശിച്ച വിധി വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്തപ്പോള്‍ മാറിമറിഞ്ഞു. നേരിട്ട് ഹാജരാകുന്നതില്‍ നിന്നും അനില്‍ അംബാനിക്ക് ഇളവ് നല്‍കിയെന്നാണ് വെബ് സൈറ്റിലുണ്ടായിരുന്നത്.

സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് ജീവനക്കാരാണ് വിധി തിരുത്തിയതെന്ന് കണ്ടെത്തിയത്. ഇതോടെ ഭരണഘടനയുടെ 311 അനുച്ഛേദത്തിലെ സവിശേഷ അധികാരം ഉപയോഗിച്ച് ചീഫ് ജസ്റ്റിസ് ഗോഗോയ് അര്‍ദ്ധരാത്രി പിരിച്ച് വിടല്‍ ഉത്തരവില്‍ ഒപ്പിട്ടത്.