ആദിവാസികളെ ഒഴിപ്പിക്കണമെന്ന ഉത്തരവിനെതിരെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കോടതിയിലേക്ക്

Jaihind Webdesk
Tuesday, February 26, 2019

ന്യൂഡല്‍ഹി : വനാവകാശ നിയമ പരിരക്ഷ ഇല്ലാത്ത ആദിവാസികളെ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍ ഉടന്‍ പുന:പരിശോധന ഹര്‍ജി സമര്‍പ്പിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചതിന് പിന്നാലെയാണ് തീരുമാനം.

വനാവകാശ നിയമപ്രകാരം പരിരക്ഷ ലഭിക്കാത്ത ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്നും ഒഴിപ്പിക്കാന്‍ കഴിഞ്ഞ ആഴ്ചയാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇത് പ്രകാരം കേരളം അടക്കം 16 സംസ്ഥാനങ്ങളില്‍ നിന്നായി 11 ലക്ഷത്തില്‍ അധികം ആദിവാസികള്‍ വനത്തിന് പുറത്താകും. യു.പി.എ സര്‍ക്കാര്‍ കൊണ്ട് വന്ന വനാവകാശ നിയമത്തെ ചോദ്യം ചെയ്തുള്ള ഹരജിയെ അഭിഭാഷകരെ ഹാജരാക്കി പ്രതിരോധിക്കാന്‍ കോടതിയില്‍ കേന്ദ്രം തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി ഭരണമുള്ള സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.

സംസ്ഥാനങ്ങളുടെ അടിയന്തര ഇടപെടല്‍ വിഷയത്തില്‍ അനിവാര്യമാണെന്നും പുനപരിശോധന ഹര്‍ജി സമര്‍പ്പിക്കണമെന്നും രാഹുല്‍ കത്തില്‍ നിര്‍ദേശിച്ചിരുന്നു. വന്‍ തോതിലുള്ള ഈ ഒഴിപ്പിക്കലിനെ തടയേണ്ടതുണ്ടെന്നാണ് പാര്‍ട്ടി നിലപാട്. പുനപരിശോധന ഹരജി സമര്‍പ്പിക്കാന്‍ ഛത്തിസ്ഗഡ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മധ്യപ്രദേശ് സര്‍ക്കാര്‍ ഇക്കാര്യം പഠിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചു. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം.