ശ്രീശാന്തിന്‍റെ ശിക്ഷ മൂന്നുമാസത്തിനുള്ളിൽ; ബിസിസിഐ ഓംബുഡ്‌സ്മാൻ പുനഃപരിശോധിക്കും

ഐ.പി.എൽ വാതുവയ്പ് കേസിൽ ആരോപണവിധേയനായ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്‍റെ ശിക്ഷ മൂന്നുമാസത്തിനുള്ളിൽ പുനഃപരിശോധിക്കാൻ ബി.സി.സി.ഐ ഓംബുഡ്‌സ്മാൻ റിട്ട.ജഡ്ജ് ഡി.കെ ജെയിനെ സുപ്രീംകോടതി ചുമതലപ്പെടുത്തി. ബി.സി.സി.ഐ നൽകിയ അപേക്ഷയിലാണ് ജസ്റ്റിസ്മാരായ അശോക് ഭൂഷൺ, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ചിൻറെ നടപടി.

ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി മാർച്ച് 15നാണ് റദ്ദാക്കിയത്. ആജീവനാന്ത വിലക്ക് നീക്കിയ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെതിരെ ശ്രീശാന്ത് നൽകിയ അപ്പീൽ ഭാഗികമായി അനുവദിച്ചായിരുന്നു ഉത്തരവ്.

ശ്രീശാന്തിന്റെ വാദം കൂടി കേട്ടശേഷം മൂന്നുമാസത്തിനുള്ളിൽ ബി.സി.സി.ഐ അച്ചടക്കസമിതി ശിക്ഷയുടെ തോത് പുനഃപരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ നേരത്തെ ശ്രീശാന്തിനെതിരെ നടപടിയെടുത്ത അച്ചടക്കസമിതി ഇപ്പോൾ നിലവിലില്ലെന്നും സുപ്രീംകോടതി നിയമിച്ച ഓംബുഡ്‌സ്മാന് വിഷയം കൈമാറണമെന്നും ആവശ്യപ്പെട്ട് ബി.സി.സി.ഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

2013 ഐ.പി.എൽ ആറാം സീസണിലെ വാതുവയ്പ് വിവാദങ്ങളെത്തുടർന്ന് 2013 ഒക്ടോബർ പത്തിനാണ് ബി.സി.സി.ഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.

മൊഹാലിയിൽ രാജസ്ഥാൻ റോയൽസും കിംഗ്‌സ് ഇലവൻ പഞ്ചാബും തമ്മിലുള്ള കളിയിൽ വാതുവയ്പ് നടന്നുവെന്നും ഒരു ഓവറിൽ 14 റൺസ് വിട്ടുകൊടുക്കാൻ ശ്രീശാന്ത് സമ്മതിച്ചെന്നുമായിരുന്നു ആരോപണം. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് വ്യക്തമാക്കി 2015 ഏപ്രിലിൽ ഡൽഹിയിലെ വിചാരണക്കോടതി ശ്രീശാന്ത് ഉൾപ്പെടെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി.

SreesanthSpot fixingsupreme courtcricket
Comments (0)
Add Comment