നേതാക്കളുടെ വിദ്വേഷ പ്രസംഗം ; നടപടി എടുക്കാത്തതില്‍ തെര. കമ്മീഷനെ അതൃപ്തി അറിയിച്ച് സുപ്രീം കോടതി

മതവും ജാതിയും പറഞ്ഞ് വോട്ട് ചോദിക്കുന്നതിനെതിരെ നടപടി എടുക്കാത്തതില്‍ സുപ്രീം കോടതിക്ക് അതൃപ്തി. യോഗി ആദിത്യനാഥും മായാവതിയും നടത്തിയ പരാമര്‍ശങ്ങളിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അധികാരങ്ങള്‍ എത്രമാത്രമാണെന്ന് കമ്മീഷന്‍ നാളെ കോടതിയില്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ചോദിച്ചു. നിങ്ങളുടെ അധികാരത്തെ കുറിച്ച് ബോധ്യമുണ്ടോയെന്നും സുപ്രീം കോടതി കമ്മീഷനോട് ചോദിച്ചു. എന്നാൽ പെരുമാറ്റചട്ടം ലംഘിക്കുന്നവർക്കെതിരെ നോട്ടീസ് അയക്കാനും പരാതിപ്പെടാനും മാത്രമെ തങ്ങൾക്ക് അധികാരമുള്ളുവെന്നും അവരെ അയോഗ്യരാക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും കമ്മീഷൻ കോടതിയില്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അധികാരങ്ങളെ സംബന്ധിച്ച കൂടുതൽ വിശദീകരണത്തിനാണ് ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള പി.എം മോദി എന്ന സിനിമ കണ്ടതിന് ശേഷം ചട്ടലംഘനം പരിശോധിക്കണമെന്ന് സുപ്രീം കോടതി കമ്മീഷനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുദ്ര വെച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

supreme courtyogi adityanathmayawati
Comments (0)
Add Comment