‘കൊവിഡിനിടയിലെ കാവടിയാത്ര ഒഴിവാക്കണം, ജീവിക്കാനുള്ള അവകാശമാണ് പ്രധാനം’ ; യോഗി സര്‍ക്കാരിനോട് സുപ്രീം കോടതി

Jaihind Webdesk
Friday, July 16, 2021

ന്യൂഡൽഹി : കൊവിഡ് മൂന്നാം തരംഗത്തിന്‍റെ ഭീഷണി നിലനില്‍ക്കുന്നതിനിടെ കാവടിയാത്രയുമായി മുന്നോട്ടുപോകാനുള്ള തീരുമാനവുമായി മുന്നോട്ട് പോകരുത് എന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി. മതപരമായ ആചാരങ്ങളെക്കാളും പ്രധാനപ്പെട്ടതാണ് ജീവിക്കാനുള്ള പൗരന്‍റെ അവകാശം എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തീരുമാനം തിങ്കളാഴ്ചയ്ക്കകം അറിയിക്കണമെന്നും യോഗി സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

കാവടി യാത്രയ്ക്ക് ഒരു കാരണവശാലും അനുമതി നൽകാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 21- ാം അനുച്ഛേദം ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശത്തേക്കാളും പ്രധാനപ്പെട്ടതല്ല മതപരമായ ആചാരങ്ങളെന്ന് ജസ്റ്റിസ് മാരായ റോഹിംഗ്ടൻ നരിമാൻ, ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എല്ലാ പൗരന്മാരെയും ബാധിക്കുന്ന വിഷയമാണിതെന്നും കോടതി നിരീക്ഷിച്ചു. കാവടിയാത്ര അനുവദിച്ച ഉത്തർപ്രദേശ്‌ സർക്കാർ നടപടിക്ക് എതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് പൗരന്‍റെ ആരോഗ്യമാണ് പരമ പ്രധാനം എന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. കാവടി യാത്ര അനുവദിക്കാനുള്ള തീരുമാനം ഉത്തർപ്രദേശ് സർക്കാർ പുനഃപരിശോധിക്കണമെന്നും യാത്ര പ്രതീകാത്മകം ആക്കുന്ന കാര്യം പരിഗണിക്കണം എന്നും ഉത്തർപ്രദേശ് സർക്കാരിനോട് കോടതി നിർദേശിച്ചു.

അതേസമയം ഹരിദ്വാറിൽ നിന്ന് ഗംഗാ ജലം ശേഖരിക്കാനുള്ള കാവടി യാത്ര അനുവദിക്കരുത് എന്ന് കേന്ദ്ര സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡ് സർക്കാർ നേരത്തെ കാവടി യാത്ര നിരോധിച്ചിരുന്നു. ഗംഗാ ജലം ടാങ്കറുകളില്‍ വിതരണം ചെയ്യുന്നതിനുളള ക്രമീകരണം സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തണം എന്നും കേന്ദ്രം ആവശ്യപ്പെട്ടു.