എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ഒതുക്കിത്തീര്‍ക്കാന്‍ രാഷ്ട്രീയ ഇടപെടല്‍

എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ഒതുക്കിത്തീര്‍ക്കാന്‍ രാഷ്ട്രീയ ഇടപെടല്‍. നഷ്ടപരിഹാരം നല്‍കി ബാങ്കിനെ കൊണ്ട് കേസ് പിന്‍വലിപ്പിക്കാനാണ് നീക്കം. അതേ സമയം അക്രമികൾക്കെതിരെ ബാങ്കിലെ വനിതാ ജീവനക്കാരും പരാതി നൽകി.

പണിമുടക്കിനിടെയാണ് തിരുവനന്തപുരത്തെ എസ്.ബി.ഐ ഓഫീസ് ഇടത് നേതാക്കൾ ഉൾപ്പെടെ അടിച്ച് തകർത്തത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാലിനേയും എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറി അശോകനേയുമാണ് റിമാൻഡ് ചെയ്തത്.
ഇതിന് പിന്നാലെയാണ് നേതാക്കളെ സംരക്ഷിക്കാൻ ബാങ്ക് ആക്രമിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നത്.

നഷ്ടപരിഹാരം നല്‍കി ബാങ്കിനെ കൊണ്ട് കേസ് പിന്‍വലിപ്പിക്കാനാണ് നീക്കം. ഡിവൈഎഫ്ഐ നേതാവ് മുഖേനയാണ് ബാങ്കിനെ സമീപിച്ചത്. പ്രതികളുടെ സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുമെന്നതിനാല്‍ കേസ് പിന്‍വലിക്കണമെന്നാണ് അപേക്ഷ. നീക്കത്തോട് ബാങ്ക് അനുകൂലനിലപാട് ഇതുവരേയും സ്വീകരിച്ചിട്ടില്ല. ധാരണയാകുംവരെ മറ്റ് പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.
കീഴടങ്ങിയ രണ്ടുപേരൊഴികെ കേസിലെ മറ്റു പ്രതികളെ പിടികൂടാനുള്ള ശ്രമവും നടക്കുന്നില്ല. അതിനിടെ ബാങ്ക് ആക്രമിച്ച ഇടത് നേതാക്കള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ എടുക്കാനുള്ള സാധ്യതയും തെളിഞ്ഞു. ബാങ്കിലെ വനിതാ ജീവനക്കാരെ പ്രതികള്‍ അസഭ്യം പറഞ്ഞ് അപമാനിച്ചെന്ന് കാണിച്ച് റീജിയനല്‍ മാനേജര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതി പൊലീസിന് കൈമാറിയേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ കേസ് കൂടുതൽ ബലപ്പെടാനാണ് സാധ്യത.

Sbi case
Comments (0)
Add Comment