ശരത്പവാറിനും രക്ഷയില്ല; സ്വന്തം പാര്‍ട്ടിയായ എന്‍.സി.പിക്ക് വോട്ടു ചെയ്തപ്പോള്‍ കത്തിയത് താമരയ്ക്കുനേരെയുള്ള ബട്ടന്‍; വോട്ടിങ് മെഷീനെതിരെ ആരോപണവുമായി ശരത് പവാര്‍

ന്യൂഡല്‍ഹി: വോട്ടിങ് മെഷീനെതിരെ ആരോപണവുമായി എന്‍.സി.പി നേതാവ് ശരത് പവാര്‍ രംഗത്ത്. വോട്ടു ചെയ്യുന്നത് പ്രദര്‍ശിപ്പിക്കുന്നതിനിടെ താന്‍ എന്‍.സി.പിക്കു വോട്ടു ചെയ്തപ്പോള്‍ താമരയ്ക്ക് നേരെയുള്ള ബട്ടണാണ് തെളിഞ്ഞതെന്നാണ് ശരത് പവാറിന്റെ ആരോപണം. വാരദയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യെ വെളിപ്പെടുത്തിയത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ നേരത്തെ ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നു. റഷ്യയില്‍ നിന്ന് നിന്നുപോലും ഹാക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് വോട്ടിങ്‌മെഷീനെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.
വോട്ടിങ് മെഷീനുകളുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ ചൂണ്ടിക്കാട്ടി 50% വിവിപാറ്റുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.

‘ഇ.വി.എമ്മിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എനിക്ക് വ്യക്തിപരമായ അനുഭവമുണ്ട്. ഇ.വി.എമ്മുകളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഹൈദരാബാദിലും ഗുജറാത്തിലും ഒരു പ്രദര്‍ശനത്തിനിടെ ഇ.വി.എമ്മില്‍ ഞാന്‍ എന്‍.സി.പിയുടെ ചിഹ്നമായ ക്ലോക്കിനുനേരെ അമര്‍ത്തിയപ്പോള്‍ താമരയ്ക്കാണ് വോട്ടു പോയത്’ – പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

5 വിവിപാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണണമെന്ന കോടതി വിധി വന്നതിനുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ ഇ.വി.എമ്മുകളുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ തെരെഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

ടി.ഡി.പി. നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ആറു ദേശീയ പാര്‍ട്ടികളുടെയും 15 പ്രദേശിക പാര്‍ട്ടികളുടെയും നേതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ടി.ഡി.പി.ക്ക് പുറമേ കോണ്‍ഗ്രസ്, എന്‍.സി.പി., എ.എ.പി., സി.പി.ഐ.എം. സി.പി.ഐ., തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി., ആര്‍.എല്‍.ഡി., ലോക് താന്ത്രിക് ജനതാദള്‍, ഡി.എം.കെ. തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളാണ് സുപ്രീംകോടതിയിലെത്തിയത്.

Sharad Pawarelection 2019ncpevm
Comments (0)
Add Comment