ഗവർണറെ ധിക്കരിച്ച കലാമണ്ഡലം വിസി യെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യം

Monday, March 7, 2022

തിരുവനന്തപുരം : ഗവർണർ കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടിട്ടും എത്താൻ കൂട്ടാക്കാത്ത കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടികെ നാരായണനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണറോട് ആവശ്യപ്പെട്ടു.

ഇന്ന് രാജ്ഭവനിൽ ഹാജരാകാനാണ് ഗവർണറുടെ സെക്രട്ടറി വിസി ക്ക് കത്ത് നൽകിയിരുന്നത്.എന്നാൽ ചാൻസിലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഒരു ഹർജ്ജി നില നിൽക്കുന്നതുകൊണ്ട് ഹാജരാകാനുള്ള അസൗകര്യം വിസി രാജ്ഭവനെ അറിയിക്കുകയാണുണ്ടായത്.

യൂണിവേഴ്സിറ്റി സർവീസിൽനിന്ന് നിസ്സാര കാരണങ്ങളാൽ പിരിച്ചുവിട്ട പി. ആർ.ഓ ഗോപീകൃഷ്ണനെ തിരിച്ചെടുക്കാൻ ഗവർണർ ഉത്തര വിട്ടതാണ് വിസി യെ ചൊടിപ്പിച്ചത്. പി.ആർ.ഒ യെ തിരിച്ചെടുത്തില്ലെന്ന് മാത്രമല്ല പ്രസ്തുത തസ്തിക നിർത്തലാക്കാനും വിസി തീരുമാനിച്ചിരിക്കുകയാണ്.
കലാമണ്ഡലത്തിൽ ഗവർണർ ചാൻസലറായി തുടരുന്നത് ചോദ്യം ചെയ്തു ഗവർണർക്കെതിരെ ഹൈക്കോടതിയിൽ കേസ് കൊടുത്ത് വിവാദ പുരുഷനായ വ്യക്തിയാണ് കലാമണ്ഡലം വിസി. ഇക്കാര്യം ഗവർണർ മുഖ്യമന്ത്രിയെ അറിയിക്കുകയും സർക്കാർ ഇടപെട്ട് കേസ് പിൻവലിപ്പിക്കുകയുമായിരുന്നു.

ഇപ്പോൾ അതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയിൽ മറ്റൊരാൾ ഒരു പൊതുതാത്പര്യ ഹർജ്ജി ഫയൽ ചെയ്തതുകൊണ്ട് ഗവർണറുമായുള്ള
കൂടികാഴ്ച്ച കോടതി അലക്ഷ്യമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിസി ഇന്ന് കത്ത് നൽകിയിരിക്കുന്നത്.

കാലിക്കറ്റ് സർവകലാശാലയിൽ അനധികൃതമായി പ്രൊഫസർ നിയമനം നേടിയ ഡോക്ടർ ടി.കെ. നാരായണൻ ഗുരുതരമായ കൃത്യവിലോപമാണ് കാട്ടിയിരിക്കുന്നത്.പുതിയ ഹർജ്ജി അദ്ദേഹത്തിന്റെ പ്രേരണയിൽ ഫയൽ ചെയ്തതാണെന്ന് ആരോപണമുണ്ട്. വിസി യായി തനിക്ക് നിയമനം നൽകിയ ഗവർണറെ ധിക്കരിക്കുന്നത് സർവകലാശാല സമൂഹത്തിന് തെറ്റായ സന്ദേശമായിരിക്കും നൽകുകയെന്നും, ഈ സാഹചര്യത്തിൽ ടി.കെ.നാരായണനെ സർവീസിൽ നിന്ന് ഉടനടി സസ്പെൻഡ് ചെയ്യണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണറോട് അഭ്യർഥിച്ചു.