ഇടതുസഹയാത്രികയായ നിയുക്ത പിഎസ്‌സി അംഗത്തിന്‍റെ പ്രബന്ധത്തില്‍ മൂവായിരത്തോളം പിശകുകള്‍; ശങ്കരാചാര്യരുടെ ജീവിതകാലഘട്ടം പോലും തെറ്റിച്ചു; 2018ല്‍ ഡോക്ടറേറ്റ്‍! പരാതി നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി

Saturday, October 14, 2023

 

തിരുവനന്തപുരം: കേരളത്തിൽ ഇടതു സഹയാത്രികരുടെ പ്രബന്ധ വിവാദം തുടർക്കഥയാകുന്നു. നിയുക്ത പിഎസ്‌സി അംഗം പ്രിൻസി കുര്യാക്കോസിന്‍റെ 210 പേജുള്ള പ്രബന്ധത്തിൽ മൂവായിരത്തോളം തെറ്റുകളെന്ന് ആക്ഷേപം. പ്രബന്ധം റദ്ദാക്കണമെന്നും ഗവേഷണ മേൽനോട്ടം വഹിച്ച മുൻ വിസി ധർമ്മരാജ് അടാട്ടിന്‍റെ ഡീൻ പദവി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സംസ്കൃത സർവകലാശാലാ വിസിക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി പരാതി നൽകി.

ചിന്ത ജെറോമിന് പിന്നാലെ നിയുക്ത പിഎസ്‌സി അംഗം പ്രിൻസി കുര്യാക്കോസിന്‍റെ ഗവേഷണ പ്രബന്ധത്തിലും നിരവധി തെറ്റുകളാണ് കണ്ടെത്തിയിരിക്കുന്നത്. 210 പേജുള്ള പ്രബന്ധത്തിൽ മൂവായിരത്തോളം തെറ്റുകൾ ഉണ്ടെന്നാണ് കണ്ടെത്തല്‍. ആദി ശങ്കരാചാര്യരുടെ ജീവിത കാലഘട്ടം പോലും പ്രബന്ധത്തിൽ തെറ്റായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എട്ട് -ഒമ്പത് നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്നതായി കരുതുന്ന ശങ്കരാചര്യര്‍, പതിനെട്ടാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നതെന്നും ജാതി വിവേചനവും അയിത്തവും നിലനിന്നിരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മദ്ധ്യേയാണെന്നുമുള്ള പ്രബന്ധത്തിലെ പരാമർശങ്ങൾ നേരത്തെ വിവാദമായിരുന്നു. ഇത്രയും ഗുരുതര പിഴവ് വരുത്തിയ ഒരു പ്രബന്ധത്തിന് അദ്ദേഹത്തിന്‍റെ നാമധേയത്തിലുള്ള സർവകലാശാല ഡോക്ടറേറ്റ് ബിരുദം നൽകി എന്നതാണ് ഏറ്റവും വിചിത്രമായ വസ്തുത. ശങ്കരാചാര്യരുടെ ജീവിത കാലഘട്ടവും രാജ്യത്ത് അയിത്തം നിലനിന്ന കാലവും അറിയില്ല എന്നതിന് പുറമേ ആയിരക്കണക്കിന് വ്യാകരണ പിശകുകളും അക്ഷരത്തെറ്റുകളുമാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്.

ഇംഗ്ലീഷ് ഭാഷയിൽ പ്രബന്ധം തയാറാക്കിയ ഗവേഷകയ്ക്ക് ഇംഗ്ലീഷ് വ്യാകരണത്തിൽ അടിസ്ഥാന ജ്ഞാനം പോലുമില്ലെന്നാണ് ക്യാമ്പെയ്ൻ കമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്. സംസ്‌കൃത സർവകലാശാല യൂണിയൻ ചെയർമാൻ ആയിരുന്ന പ്രിൻസി കുര്യാക്കോസ് 2018 ലാണ് പിഎച്ച്ഡി ബിരുദം നേടിയത്. ചിന്താ ജെറോമിനോടൊപ്പം യുവജന കമ്മീഷൻ അംഗമായിരുന്ന പ്രിൻസി ഡിവൈഎഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. ഗുരുതര തെറ്റുകളുള്ള പ്രബന്ധം റദ്ദാക്കണമെന്നും ഗവേഷണ മേൽനോട്ടം വഹിച്ച മുൻ വിസി ധർമ്മരാജ് അടാട്ടിന്‍റെ ഡീൻ പദവി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സംസ്കൃത സർവകലാശാലാ വിസിക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി പരാതി നൽകി.