പ്രിയവര്‍ഗീസിന്‍റെ നിയമനം; കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും, സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

Jaihind Webdesk
Sunday, January 7, 2024

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിന്റെ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും. രജിസ്ട്രാര്‍ നല്‍കിയ സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി അറിയിച്ചു.

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയത് യുജിസി ചട്ടപ്രകാരമാണെന്നും, ഗസ്റ്റ് അടിസ്ഥാനത്തിലുള്ള നിയമനവും, സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടറായുള്ള നിയമനവും ചട്ടപ്രകാരമാണെന്നുമുള്ള രജിസ്ട്രാര്‍ നല്‍കിയ സത്യവാങ്മൂലം അടിസ്ഥാനരഹിതവും, തെറ്റിധരിപ്പിക്കുന്നതുമാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി അറിയിച്ചു.

ഹൈക്കോടതി വിധിയ്‌ക്കെതിരെ യുജിസിയും രണ്ടാം റാങ്ക്കാരനായ ജോസഫ് സ്‌കറിയയും സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് സര്‍വകലാശാല രജിസ്ട്രാര്‍ നിലപാട് അറിയിച്ചത്. യുജിസിയുടെ 2018 റെഗുലേഷന്‍ പ്രകാരമായിരിക്കും അസോസിയേറ്റ് പ്രൊഫസര്‍ നിയമനം. യുജിസി അംഗീകരിച്ച പ്രകാരമുള്ള അധ്യാപന സര്‍വീസ് മാത്രമേ കണക്കിലെടുക്കുകയെന്നും സര്‍വ്വകലാശാലയുടെ നിയമന വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രസ്തുത റെഗുലേഷന്‍ അപേക്ഷകയ്ക്ക് ബാധകമല്ലെന്നും യുജിസിയുടെ മാറുന്ന ചട്ടങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം പാടില്ലെന്നുമാണ് സര്‍വ്വകലാശാലയുടെ പുതിയ വാദം. അതെസമയം, ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നിയമനം റദ്ദാക്കിയെങ്കിലും ഡിവിഷന്‍ ബെഞ്ച് നിയമനം ശരി വയ്ക്കുകയായിരുന്നു. ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് യുജിസിയും രണ്ടാം റാങ്കുകാരനും സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.