മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ടു ഹാജരാകേണ്ടതില്ലെന്ന് കോടതി. പ്രതിപക്ഷ നേതാവിന്റെ ഉന്നതതല സുരക്ഷയും പദവിയും പരിഗണിച്ച് പൂനെ കോടതിയാണ് കേസില്‍ ഹാജരാകുന്നതില്‍ നിന്ന് സ്ഥിരമായ ഇളവ് അനുവദിച്ചത്. വി ഡി സവര്‍ക്കറിനെതിരെ നടത്തിയ പരാമര്‍ശത്തിന്‍മേലാണ് കേസ് ഫയല്‍ ചെയ്യപ്പെട്ടത്. ഈ കേസില്‍ അദ്ദേഹത്തിന് കഴിഞ്ഞ മാസം കോടതി ജാമ്യം നല്‍കിയിരുന്നു. വിഡി സവര്‍ക്കറുടെ അനന്തരവന്‍ സത്യകി സവര്‍ക്കറാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ പരാതി സമര്‍പ്പിച്ചത്.
2023 മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ് കോടതിയില്‍ കേസിന് ആധാരമായത്. ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍, വി ഡി സവര്‍ക്കറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ഒരിക്കല്‍ മുസ്ലീം വ്യക്തിയെ മര്‍ദ്ദിച്ചതായും അതില്‍ തനിക്ക് (സവര്‍ക്കറിന്) സന്തോഷം തോന്നിയതായും ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്ന് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ വി ഡി സവര്‍ക്കര്‍ തന്റെ പുസ്തകത്തില്‍ ഒരിടത്തും ഇത് എഴുതിയിട്ടില്ലെന്നും രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമായിരുന്നുവെന്നും സത്യകി സവര്‍ക്കര്‍ പരാതിപ്പെട്ടു.
നേരത്തേ രാഹുല്‍ ഗാന്ധി ഈ കേസില്‍ ജാമ്യം തേടിയപ്പോള്‍ സത്യകി സവര്‍ക്കര്‍ മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയ വി ഡി സവര്‍ക്കറുടെ പിന്‍ഗാമിയാണെന്ന് അവകാശപ്പെടുന്നുണ്ടെന്ന് വാദിച്ചു. അദ്ദേഹത്തിന്റെ ഈ വാദം കൂടി കണക്കിലെടുത്താണ് ജാമ്യം ലഭിച്ചത്. പൂനെ ജില്ലാ കോടതി കെട്ടിടം ഒരു ചരിത്ര സ്മാരകമാണെന്നും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോംബ് ഭീഷണി ഉണ്ടായിരുന്നുവെന്നും പ്രതിഭാഗം ഹര്‍ജിയില്‍ പറഞ്ഞു.കേസിന്റെ സ്വഭാവം കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത്.
രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ ഉദ്ധരിച്ച വസ്തുതകളും പ്രതി ലോക്സഭയിലെ പ്രതിപക്ഷ നേതാവാണെന്നതും കോടതി കണക്കിലെടുക്കുന്നു. അദ്ദേഹത്തിന് ഒട്ടേറെ പരിപാടികളില്‍ പങ്കെടുക്കേണ്ടിവരുന്നു. കൂടാതെ സുരക്ഷാവിഷയവും പ്രധാനമാണ്. പൂനെ ജില്ലാ കോടതി പരിസരത്ത് ഒരു കൊലപാതകം നടന്നിരുന്നു എന്നതും ഒരു വസ്തുതയാണ്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഒരു പ്രതിയെ കൊലപ്പെടുത്തിയതിനാല്‍ അഭിഭാഷകരും ജഡ്ജിമാരും അന്ന് കോടതി മന്ദിരത്തിന്റെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചിരുന്നു ഇതുകൂടാതെ രാഹുല്‍ ഗാന്ധിയ്ക്കു വേണ്ടിവരുന്ന സുരക്ഷാ ചെലവുകള്‍ വളരെ വലുതാണ്. ക്രമസമാധാന പ്രശ്നം കാരണം, പ്രതിക്ക് ഈ കേസില്‍ ഹാജരാകുന്നതില്‍ നിന്ന് സ്ഥിരമായി ഇളവ് നല്‍കണമെന്ന് ഈ കോടതി കരുതുന്നതായും വിധിയില്‍ പരാമര്‍ശിക്കുന്നു.
കേസില്‍ അടുത്ത കോടതി വാദം ഫെബ്രുവരി 25 ന് നടക്കും.