2023ല്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പോലീസിന്റെ ഭീഷണിയെ ചോദ്യം ചെയ്തതിനാണ് സുജിത്തിനെ മര്‍ദ്ദിച്ചത്. ഷര്‍ട്ട് ഊരിമാറ്റിയ നിലയില്‍ പോലീസ് ജീപ്പിലാണ് സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. അവിടെ വെച്ച് മൂന്നിലധികം പോലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. എസ്.ഐ. നുഹ്‌മാന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.
സംഭവത്തിനുശേഷം, സുജിത്ത് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും പോലീസിനെ ഉപദ്രവിക്കുകയും ചെയ്തുവെന്ന് കാണിച്ച് പോലീസ് കള്ളക്കേസ് ഫയല്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ വൈദ്യപരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്നും കണ്ടെത്തി.
പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറായില്ല. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമപ്രകാരം ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നത്. ഈ സംഭവം പോലീസിന്റെ ക്രൂരത തുറന്നുകാട്ടുന്നു.