ഹൈബി ഈഡൻ എം പിയുടെ സൗഖ്യം പദ്ധതി; തുടർചികിത്സയുടെ ആദ്യ സംഘം കോയമ്പത്തൂരിലെത്തി

കൊച്ചി: ഹൈബി ഈഡൻ എം പി നടപ്പിലാക്കിയ സൗഖ്യം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിന്‍റെ  തുടർ ചികിത്സ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സംഘം കോയമ്പത്തൂരിലെത്തി. നേത്ര വിഭാഗത്തിൽ വിവിധ ശസ്ത്രക്രിയകൾ ആവശ്യമുള്ള 25 രോഗികൾക്കാണ് കോയമ്പത്തൂരിലെ അരവിന്ദ് ഐ ഹോസ്പിറ്റലിൽ സൗജന്യ ശസ്ത്രക്രിയ ഒരുക്കിയിട്ടുള്ളത്. ക്യാമ്പിൽ നേത്ര രോഗത്തിന്‍റെ എല്ലാ സ്പെഷ്യാലിറ്റികളിൽ നിന്നുമുള്ള ഡോക്ടറുടെ സേവനം ലഭ്യമായിരുന്നു.

അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, ഗിരിധർ ഐ ഹോസ്പിറ്റൽ, ചൈതന്യ ഐ ഹോസ്പിറ്റൽ, ഐ ഫൗണ്ടേഷൻ, വാസൻ ഐ കെയർ , ലോട്ടസ്‌ ഐ ഹോസ്പിറ്റൽ എന്നിവിടങ്ങളിലും നേത്ര രോഗ ചികിത്സയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കണ്ണടകൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് വിതരണം നടന്നു വരികയാണെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു.

ഹൈബി ഈഡൻ എം പിയുടെ ഓഫീസിൽ ഒരു ഫോളോ ആപ്പ് സെൽ രൂപീകരിച്ച് പരമാവധി ആളുകൾക്ക് തുടർ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എം പി ഓഫീസിൽ നിന്ന് വിളിക്കുന്ന മുറയ്‌ക്കാണ്‌ തുടർ ചികിത്സയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നവർ എത്തേണ്ടത്. ഏത് ഹോസ്പിറ്റലിലാണ് തുടർ ചികിത്സ എന്നും എം പിയുടെ ഓഫീസിൽ നിന്നും അറിയിക്കും.

Comments (0)
Add Comment