കൊവിഡ്: നിയന്ത്രണം പാലിച്ചില്ലെങ്കിൽ ലക്ഷങ്ങൾ രോഗികളാകുമെന്ന് സൗദി : 12 മണിക്കൂറിനിടെ 147 പേര്‍ക്ക് കൂടി രോഗം : ആകെ രോഗികൾ 2752

റിയാദ് : സൗദി ഭരണകൂടം നടപ്പാക്കുന്ന നിയന്ത്രണങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ ലക്ഷക്കണക്കിന് പേർ കോവിഡ് ബാധിതരാകുമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽ ആലി. റൊട്ടാന അൽഖലീജിയയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഗ്രതാ നിയന്ത്രണങ്ങൾ നടപ്പാക്കാൻ വൈകിയ ചില രാജ്യങ്ങളിൽ രോഗം അനിയന്ത്രിതമായി. അത്തരമൊരവസ്ഥ ഇവിടെയുണ്ടാകില്ലെന്നും അദ്ദേഹം പ്രത്യാശിച്ചു.

കിരീടാവകാശിയുടെ നിർദേശമനുസരിച്ച് 20 വകുപ്പുകളിലെ വിദഗ്ധ സംഘം നിരന്തരനിരീക്ഷണം നടത്തിവരികയാണ്. മികച്ച മെഡിക്കൽ സൗകര്യങ്ങളൊരുക്കിയ രാജ്യങ്ങളുടെ കൂട്ടത്തിലാണ് സൗദി അറേബ്യ. എൺപതിനായിരം ബെഡുകളും എട്ടായിരം അടിയന്തര ചികിത്സാ ബെഡുകളും 2000 ഐസൊലേഷൻ ബെഡുകളും എട്ടായിരത്തിലധികം വെന്‍റിലേറ്ററുകളും രാജ്യത്ത് സജ്ജമാക്കിയിട്ടുണ്ട്. ആശങ്കാജനകമായ ആൾകൂട്ടമാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാര കേന്ദ്രങ്ങളിൽ പ്രകടമായത്. ഇത്തരം ആൾകൂട്ടങ്ങളിലെത്തുന്നവർ വൈറസ് ബാധിതരായി അവരുടെ വീടുകളിലെത്തും. അത് സാമൂഹിക വ്യാപനത്തിന് കാരണമാകും. രോഗം അതിന്‍റെ പാരമ്യതയിൽ എത്താതിരിക്കാനാണ് പ്രധാന നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. നാം നടന്നുപോകുന്ന വഴികളും സഞ്ചരിക്കുന്ന വാഹനങ്ങളും പങ്കെടുക്കുന്ന പരിപാടികളും വൈറസ് വ്യാപനത്തിന്‍റെ കാരണങ്ങളാണ്. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ രാജ്യം അത്യന്തം അപകടത്തിലേക്ക് കൂപ്പുകുത്തും. അതിനാൽ ജനങ്ങൾ മാർഗ നിർദേശം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ, കഴിഞ്ഞ 12 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2752 ആയി ഉയര്‍ന്നു. റിയാദില്‍ പുതുതായി 56 ഉം മക്കയില്‍ 21 ഉം ജിദ്ദയില്‍ 27 ഉം മദീനയില്‍ 24 പേര്‍ക്കും ഖത്തീഫില്‍ 8 പേര്‍ക്കും ദമാമില്‍ നാലു പേര്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്.

coronaCovid19Saudi Arabia
Comments (0)
Add Comment