ദുബായ് : ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങള്‍ക്ക് സൗദിയിലേക്കുള്ള വിലക്ക് തുടരും. അതേസമയം, മെയ് ഏഴിന് മറ്റു സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസിന് സൗദി അനുമതി നല്‍കി. എന്നാല്‍, ഇന്ത്യ ഉള്‍പ്പടെ, പ്രത്യേക പട്ടികയിലുള്ള 20 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ഇനിയും നീളും. സൗദി വിമാനക്കമ്പനിയായ സൗദിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ, മാര്‍ച്ച് 31 ന് തുറക്കേണ്ടിയിരുന്ന സര്‍വീസുകളാണിത്.
മേയ് 7ന് പുലര്‍ച്ചെ ഒന്നു മുതല്‍ സൗദിയിലേക്ക് കര-കടല്‍-വ്യോമ മാര്‍ഗങ്ങളിലൂടെ പ്രവേശനാനുമതി ഉണ്ടാകും. ഫെബ്രുവരി ഒന്നിനാണു സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക സൗദി വികസിപ്പിച്ചത്. ഈ രാജ്യങ്ങളില്‍ നിന്നു നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് അതേപടി തുടരും. വിലക്കുള്ള പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ 14 ദിവസം തങ്ങിയവര്‍, ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചു സൗദിയിലേക്ക് പ്രവേശിക്കാം. സ്വദേശി പൗരന്മാര്‍ക്കു രാജ്യത്തിന് പുറത്ത് പോകാനുള്ള വിലക്കും ഇതോടെ നീങ്ങും. അതേസമയം, ഇന്ത്യക്കു പുറമെ യുഎഇ, തുര്‍ക്കി, അര്‍ജന്റീന, ജര്‍മനി, ഈജിപ്ത്, ലെബനന്‍, ജപ്പാന്‍, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, സ്വീഡന്‍, ഫ്രാന്‍സ്, അമേരിക്ക, ഇന്തോനേഷ്യ, അയര്‍ലന്റ, ബ്രിട്ടന്‍, സ്വിറ്റ്സര്‍ലാന്റ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് സൗദിയിലേക്ക് വിലക്കുള്ള രാജ്യങ്ങള്‍.
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നു നേരത്തേ മുതല്‍ പ്രവേശനാനുമതി ഇല്ലാത്തതിനാല്‍ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞതിനു ശേഷമാണു സൗദിയിലേക്ക് പ്രവേശിച്ചിരുന്നത്. ഈ മാര്‍ഗം അടഞ്ഞതോടെയാണു സൗദിയിലെ പ്രവാസികള്‍ കൂടുതല്‍ വലഞ്ഞത്. അത് ഇനിയും നീളുകയാണെന്ന പ്രഖ്യാപനം നാട്ടില്‍ പോകാന്‍ കാത്തിരിക്കുന്നവരും മടങ്ങാന്‍ ആഗ്രഹിക്കുന്നവരുമായ നിരവധി പേരെ നിരാശയിലാക്കിയിരിക്കുകയാണ്. 14 ദിവസത്തിനുള്ളില്‍ മുകളില്‍ സൂചിപ്പിച്ച രാജ്യങ്ങളിലൂടെ കടന്നു പോയവര്‍ക്ക് രാജ്യത്തേക്ക് കടക്കാനാകില്ല എന്നതിനാല്‍ ഇന്ത്യ വിട്ടതിനു ശേഷം മറ്റെവിടെയെങ്കിലും ക്വാറന്റീന്‍ വാസം കഴിഞ്ഞു മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. അതായത്, ദുബായ് മാര്‍ഗമെങ്കിലും തുറന്ന് കിട്ടിയാല്‍ മതിയെന്ന പ്രതീക്ഷക്കു മങ്ങലേറ്റതോടെ, മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ സൗദിയിലേക്ക് കടക്കാന്‍ ഇനിയും കറങ്ങിത്തിരിയണം. നിലവില്‍ നേപ്പാള്‍, മാലിദ്വീപ്, ബഹറിന്‍ എന്നീ രാജ്യങ്ങള്‍ വഴിയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത്.