റിയാദ്: സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പിന്നാലെ സ്വകാര്യ കമ്പനികള്‍ക്കും മാനവശേഷി മന്ത്രാലയം , നിയന്ത്രിത അവധി പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ 15 ദിവസത്തേക്കാണിത്. വെള്ളം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളെ അവധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്ഥാപനങ്ങളുടെ ഹെഡ് ഓഫീസുകള്‍ ഇന്ന് മുതല്‍ 15 ദിവസത്തേക്ക് പ്രവര്‍ത്തിക്കരുത്. ശാഖ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം 40 ശതമാനമായി കുറയ്ക്കണം. പകരം താമസസ്ഥലത്തുവെച്ച് ജോലി ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിർദേശിച്ചതായി എസ്.പി.എ റിപ്പോർട്ടില്‍ പറയുന്നു. അമ്പതിലധികം പേരുള്ള താമസസ്ഥലങ്ങളിലോ ജോലി സ്ഥലത്തോ താപനില പരിശോധന സംവിധാനമുള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കണം.
കമ്പനികളിലെ ഹെല്‍ത്ത് ക്ലബ്ബുകളും ശിശുപരിപാലന കേന്ദ്രങ്ങളും അടക്കണം. തൊഴിലാളികള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ലോജിസ്റ്റിക്, ഭക്ഷ്യ, അവശ്യ സാധന മേഖലകളിലെ ഓഫീസുകള്‍ പ്രവര്‍ത്തിക്കണം. 55 വയസ്സിന് മുകളിലുളളവര്‍, ഗര്‍ഭിണികള്‍, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത അവധി നല്‍കണം- മന്ത്രാലയം അറിയിച്ചു.