കര-കടല്‍- വ്യോമയാന അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ട് സൗദി അറേബ്യ : അപ്രതീക്ഷിത വിലക്കില്‍ ദുബായില്‍കുടുങ്ങിയാത്രക്കാര്‍ ; വിലക്ക് പുതുവര്‍ഷം വരെ നീട്ടാനും സാധ്യത ; മറ്റു ഗള്‍ഫ്‌ രാജ്യങ്ങളിലും വിമാന വിലക്ക് വരുമോ ?

B.S. Shiju
Monday, December 21, 2020

സൗദി അറേബ്യയിലേക്കുള്ള എല്ലാ രാജ്യാന്തര വാണിജ്യ വിമാന സര്‍വീസുകളും ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവെച്ചു. നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസിന്‍റെ രണ്ടാം തരംഗം വ്യാപിച്ച പശ്ചാത്തലത്തിലാണ് ഇതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ, കര-കടല്‍, വ്യോമയാന അതിര്‍ത്തികള്‍ അടച്ചിടാന്‍ സൗദി തീരുമാനിച്ചു.

ലോകത്തിന് ഭീഷണിയായി ലണ്ടനില്‍ കൊവിഡ് വൈറസിന്‍റെ പുതിയ ജനിതക മാറ്റം കണ്ടെത്തിയിരുന്നു. ഈ പുതിയ സാഹചര്യത്തില്‍, ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നേരത്തെ നിര്‍ത്തിവെച്ചു. ഇതിന് പിന്നാലെയാണ്, ഗള്‍ഫ് രാജ്യമായ സൗദി അറേബ്യയും, കര-കടല്‍- വ്യോമയാന അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടത്.  സൗദി ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് തീരുമാനം. ഇതോടെ, ദുബായ് ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ നിന്നും സൗദിയിവെ വിവിധ നഗരങ്ങളിലേക്കുള്ള നിരവധി പേരുടെ വിമാനയാത്രകള്‍ മുടങ്ങി. സൗദിയിലേക്ക് പോകാന്‍ യുഎഇയില്‍ 14 ദിവസം ക്വാറന്റൈന്‍ ചെയ്ത്, ടിക്കറ്റ് ബുക്ക് ചെയ്ത ഒട്ടേറെ പേര്‍ സൗദിയിലേക്ക് മടങ്ങാനാകാതെ, ദുബായില്‍ കുടുങ്ങിയത്. ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് മറികടക്കാന്‍, ട്രാവല്‍ എജന്‍സികള്‍ തയ്യാറാക്കിയ , ക്വാറന്റൈന്‍ ഇളവ് പാക്കേജില്‍ വന്നവരാണ് ഇപ്രകാരം കുടുങ്ങിയത്.

സൗദി പൗരന്മാരുടെയും താമസക്കാരുടെയും  ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ അടിയന്തര നടപടി. എന്നാല്‍, നിലവില്‍ സൗദിക്ക് അകത്തുള്ള വിദേശ വിമാനങ്ങള്‍ക്ക് , പുറപ്പെടാന്‍ അനുവാദമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ,  അടിയന്തര സാഹചര്യങ്ങളിലൊഴികെ, യാത്രക്കാര്‍ക്കുള്ള എല്ലാ വാണിജ്യ -രാജ്യാന്ത വിമാനങ്ങളും, ഒരാഴ്ചത്തേയ്ക്ക് താല്‍കാലികമായി നിര്‍ത്തിവെച്ചു. അതേസമയം, സാഹചര്യം വിലയിരുത്തി പുതുവര്‍ഷം വരെ യാത്രാ വിലക്ക് നീട്ടാനും സാധ്യതയുണ്ട്. അതേസമയം, നിലവില്‍ വ്യാപിക്കുന്ന വൈറസിന്റെ ജനിതക സ്വഭാവത്തെക്കുറിച്ചുള്ള, കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതുവരെ, വിലക്ക് തുടരാനും നീക്കം ഉണ്ടായേക്കാം. ഇതിനിടെ, സൗദിക്ക് പിന്നാലെ മറ്റു ഗള്‍ഫ് രാജ്യങ്ങളും, ഇനി അതിര്‍ത്തികള്‍ അടച്ച്, യാത്രാവിലക്ക് പ്രഖ്യാപിക്കുമോ എന്ന ആശങ്കയും ഉയരുന്നു.