കരിപ്പൂരില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് വീണ്ടും

Jaihind Webdesk
Friday, November 16, 2018

Saudi-Airlines

നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കരിപ്പൂരിൽ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. കരിപ്പൂർ-ജിദ്ദ സെക്ടറിൽ അഞ്ചും റിയാദ് സെക്ടറിൽ രണ്ടും സർവീസുകളാണ് സൗദി എയർലൈൻസ് നടത്തുക.

43 മാസത്തിന് ശേഷം കരിപ്പൂരിൽ നിന്ന് ഇടത്തരം വലിയ വിമാനങ്ങൾ വീണ്ടും പറന്നുയരും. സൗദി എയർലൈൻസ് ഡിസംബർ നാല് മുതൽ ആഴ്ചയിൽ ഏഴ് സർവീസുകൾ കരിപ്പൂരിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് നടത്തും. ടിക്കറ്റ് ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു. ഞായർ, തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് ജിദ്ദയിലേക്കും, ചൊവ്വ, വെള്ളി ദിവസങ്ങളിൽ റിയാദിലേക്കുമാണ് സർവീസ് നടത്തുക.

കോഴിക്കോട് നിന്ന് റിയാദിലേക്കും ജിദ്ദയിലേക്കുള്ള വിമാനങ്ങൾ ഉച്ചയ്ക്ക് 12.50 ന് കരിപ്പൂരിൽ നിന്നും പുറപ്പെടും. ജിദ്ദയിൽ നിന്ന് പുലർച്ചെ 3.10 നും റിയാദിൽ നിന്ന് പുലർച്ചെ നാലു മണിക്കും പുറപ്പെടുന്ന വിമാനങ്ങൾ കാലത്ത് 11 മണിക്ക് കരിപ്പൂരിലെത്തും. കൊച്ചിയിൽ നിന്നുള്ള രണ്ടു സർവീസുകൾ ഒന്നാണ് ഇപ്പോൾ കരിപ്പൂരിലേക്ക് മാറ്റുന്നത് . 2015 മെയ് ഒന്നിന് റൺവേ വികസനത്തിന് പേരിൽ നിലച്ച സർവീസാണ് കാത്തിരിപ്പിനും സമ്മർദങ്ങൾക്കുമിടെ പുനരാരംഭിക്കുന്നത്.