സി.പി.എം ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം : സതീശന്‍ പാച്ചേനി

Jaihind News Bureau
Saturday, June 27, 2020

 

കണ്ണൂർ: സി.പി.എം പഞ്ചായത്ത് പ്രസിഡന്‍റും ഭാര്യയും ചേർന്ന് സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിയെടുത്ത സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി. മരിച്ചവരുടെ പേരില്‍ കള്ളവോട്ട് ചെയ്യുന്നത് പോലെ മരിച്ചവരുടെ പെൻഷൻ തുക സി.പി.എം ഭരിക്കുന്ന ബാങ്കുകളില്‍ തട്ടിയെടുക്കുന്നത് ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം ജില്ലാ കമ്മിറ്റിയംഗം പ്രസിഡന്‍റായ ബാങ്കില്‍ നടന്ന പെൻഷൻ തട്ടിപ്പ് പുറത്തറിയാതിരിക്കാൻ അന്തരിച്ച കൗസുവിന്‍റെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. ആരോപണ വിധേയയായ ബാങ്ക് ജീവനക്കാരി മന്ത്രിയുടെ അടുത്ത ബന്ധുവായതിനാൽ ഭരണസ്വാധീനം ഉപയോഗിച്ച് സംഭവത്തിലെ തെളിവുകൾ അട്ടിമറിക്കുവാൻ സാധ്യതയുണ്ട്. പെൻഷൻ തുക തട്ടിയെടുത്തത് സംബന്ധിച്ച എല്ലാ രേഖകളും ഉത്തരവാദിത്വപ്പെട്ടവർ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും പാച്ചേനി ആവശ്യപ്പെട്ടു. ഇവിടെ വിതരണം ചെയ്ത എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷനുകളെ കുറിച്ചും അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പായം പഞ്ചായത്തിലെ അളപ്ര വാർഡിൽ അന്തരിച്ച തോട്ടത്തിൽ കൗസു എന്നിവരുടെ സാമൂഹ്യസുരക്ഷാ പെൻഷനാണ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി മക്കള്‍ പരാതി നല്‍കിയത്. ആരോഗ്യ മന്ത്രി കെ.കെ ഷൈലജയുടെ ബന്ധുക്കൾക്ക് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പായം പഞ്ചായത്ത് പ്രസിഡന്‍റ് എൻ അശോകന്‍റെ ഭാര്യയും റൂറൽ ബാങ്ക് കളക്ഷൻ ഏജന്‍റുമായ സ്വപ്നയും മറ്റ് രണ്ട് പേരും ചേർന്ന് പെൻഷൻ തുക തട്ടി എടുത്തുവെന്നാണ് പരാതി. അളപ്രയിൽ മാർച്ച് ഒൻപതിന് മരണമടഞ്ഞ തോട്ടത്താൻ കൗസുവിന്‍റെ അഞ്ച് മാസത്തെ വാർധക്യകാല പെൻഷനാണ് കുടുംബം അറിയാതെ ഏപ്രിൽ മാസം ഒപ്പിട്ട് വാങ്ങിയതെന്ന് കൗസുവിന്‍റെ മകൾ അജിത പറഞ്ഞു. അന്തരിച്ച തോട്ടത്തിൽ കൗസുവിന്‍റെ മകള്‍ അജിത, ഭർത്താവ് ബാബു എന്നിവരാണ് പരാതിക്കാർ.

അളപ്ര വാർഡ് മെമ്പർ വിമല , സി.പി.എം പ്രവർത്തകൻ സുരേന്ദൻ എന്നിവർക്ക് പെൻഷൻ കള്ള ഒപ്പിട്ട് തട്ടി എടുത്തതിൽ പങ്കുള്ളതായി കൗസുവിന്‍റെ മക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബാങ്ക് രേഖകളിൽ പെൻഷൻ വാങ്ങിയതിന്‍റെ തെളിവും ഇവർ വാർത്താ സമ്മേളനത്തിൽ ഹാജരാക്കി. മാർച്ച് ഒൻമ്പതിന് മരിച്ച കൗസുവിന്‍റെ മരണ പത്രം മാർച്ച് 20 തന്നെ പഞ്ചായത്തിൽ ഹാജരാക്കിയിരുന്നു. ഏപ്രിൽ ആദ്യവാരം പ്രദേശത്തെ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വെച്ചാണ് പെൻഷൻ വിതരണം ചെയ്തത്. പ്രദേശത്തെ വാർഡ് അംഗത്തോട് ചോദിച്ചപ്പോൾ മരിച്ചതിനാൽ പെൻഷൻ ഇല്ലെന്നാണ് കൗസുവിന്‍റെ മക്കളെ അറിയിച്ചത്.. പിന്നീടാണ് അമ്മയുടെ പേരിലുള്ള അഞ്ചു മാസത്തെ പെൻഷനായ 6,100 രൂപ വാങ്ങിയതായി കണ്ടെത്തിയത്. ഇരിട്ടി റൂറൽ ബാങ്ക് വഴിയാണ് പെൻഷൻ കിട്ടിക്കൊണ്ടിരുന്നത്. വാർധക്യകാല അസുഖം മൂലം അമ്മയുടെ പെൻഷൻ തുക വീട്ടിലെത്തിച്ച് ഒപ്പിടുവിക്കുകയായിരുന്നു പതിവ്. മരിച്ചയാൾക്ക് പെൻഷൻ കിട്ടില്ലെന്ന് വാർഡ് അംഗം പറഞ്ഞതിനാൽ കൂടുതൽ ഒന്നും അന്വേഷിച്ചില്ല. പെൻഷൻ വിതരണ കേന്ദ്രത്തിൽ വെച്ച് അർഹതപ്പെട്ടവരുടെ പേര് വായിക്കുന്നവരുടെ കൂട്ടത്തിൽ അമ്മയുടെ പേരും ഉണ്ടായിരുന്നതായി പിന്നീട് ചിലർ പറഞ്ഞപ്പോഴാണ് സംശയം തോന്നിയതെന്ന് അജിത പറഞ്ഞു. പ്രദേശത്ത് ഒരു വർഷം മുൻമ്പ് മരിച്ചയാളുടെ പെൻഷനും ഇങ്ങനെ വാങ്ങിയതായി സംശയിക്കുന്നതായി കുടുംബം ആരോപിച്ചു.

സംഭവം വിവാദമായപ്പോൾ ചില പ്രമുഖർ വിളിച്ച് പ്രശ്‌നം ഉണ്ടാക്കരുതെന്നും ഓർമയില്ലാഞ്ഞതിനാൽ അമ്മയുടെ പെൻഷൻ ഒപ്പിട്ട് വാങ്ങിയതായി പറയണമെന്നും പറഞ്ഞതായും അജിത ആരോപിച്ചു. ആരോപണ വിധേയയായ ബാങ്ക് ജീവനക്കാരി, മന്ത്രി കെ.കെ ഷൈലജയുടെ അടുത്ത ബന്ധു കൂടിയാണ്. സി.പി.എം ജില്ലാ കമ്മിറ്റിയംഗം പ്രസിഡന്‍റായ ബാങ്കിലാണ് ക്രമക്കേട് നടന്നത് എന്നത് തട്ടിപ്പിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.