മുഖ്യമന്ത്രിയുടെ ജില്ലയിലേക്ക് യാത്രാനുമതി ഇല്ല; ഹിഡൺ അജണ്ട ഉണ്ടോ എന്ന് വ്യക്തമാക്കണം : സതീശൻ പാച്ചേനി

Jaihind News Bureau
Friday, May 29, 2020

മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരേണ്ടുന്നവർക്ക് യാത്രാനുമതി നൽകാത്തതിൽ ഭരണകൂടത്തിന് ഹിഡൺ അജണ്ട ഉണ്ടോ എന്ന് ഭരണകൂടം വ്യക്തമാക്കണമെന്നും, കൊവിഡ് വ്യാപനത്തിന്‍റെ ഭീതിയിൽ ആശങ്കാകുലരായി ദിനരാത്രങ്ങൾ തള്ളി നീക്കുന്നവരുടെ വീട്ടിലെത്താനുള്ള മൗലികമായ അവകാശത്തെ ഹനിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഭരണകൂടം ജനങ്ങളോട് നീതി കാട്ടണമെന്നും ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ക്വാറന്‍റൈൻ സൗകര്യം ലഭ്യമാണെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടും യാത്രാനുമതി അനുവദിക്കാതിരിക്കുന്നത് ശരിയായ നടപടിയല്ല.

ജില്ലയിൽ മാത്രം 10366 ലധികം ആളുകൾ യാത്രാനുമതി തേടി കാത്തിരിക്കുമ്പോൾ നൽകാതിരിക്കാൻ ഉള്ള പ്രയാസം എന്താണെന്ന് തുറന്നുപറയാൻ ബന്ധപ്പെട്ടവർ തയ്യാറാവണം.

ജനിച്ചുവളർന്ന വീട്ടിലേക്കും നാട്ടിലേക്കും എത്തിച്ചേരുന്നതിന് വേണ്ടി ഭരണകൂടത്തോട് യാചിച്ചു കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ക്രൂരമാണെന്നും ജനങ്ങളുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും നിസ്സംഗതയോടെ ഉള്ള സമീപനം ജില്ലാ ഭരണകൂടം തിരുത്തണമെന്നും ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.