കണ്ണൂർ രാഷ്ട്രീയത്തിലെ സൗമ്യമുഖം, കരുത്തനായ നേതാവ്‌; കോണ്‍ഗ്രസിനായി അഹോരാത്രം പ്രയത്നിച്ച പോരാളി: സതീശന്‍ പാച്ചേനി വിടവാങ്ങുമ്പോള്‍…

Jaihind Webdesk
Thursday, October 27, 2022

 

കണ്ണൂർ ജില്ലയിലെ സിപിഎം പാർട്ടി ഗ്രാമമായ പാച്ചേനിയിൽ ആയിരുന്നു സതീശൻ പാച്ചേനിയുടെ ജനനം. സ്കൂളിൽ പഠിക്കുന്ന വേളയിൽ കെഎസ്‌യു പ്രവർത്തകനായ സതീശൻ പാച്ചേനി സിപിഎം ഭീഷണികൾക്ക് മുമ്പിൽ പതറാതെയായിരുന്നു കോൺഗ്രസ് രാഷ്ട്രീയത്തിൽ ചുവടുവെച്ചതും ജനനേതാവായി മാറിയതും. കണ്ണൂർ ജില്ലയിലെ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ ഒന്നായ പാച്ചേനിയിൽ കർഷകത്തൊഴിലാളികളായ പി ദാമോദരന്‍റെയും എം നാരായണിയുടെയും മൂത്ത മകനായ സതീശൻ പാച്ചേനി ദാരിദ്ര്യവും കഷ്ടപ്പാടുകളും ഏറെ അനുഭവിച്ചാണ് വളർന്നുവന്നത്. എഴുപതുകളുടെ അവസാനം എ.കെ ആന്‍റണിയുടെ ആദർശാധിഷ്ഠിത നിലപാടുകളിലെ ആരാധനയിൽ അദ്ദേഹത്തോട് അണിചേർന്ന അനേകായിരങ്ങളിൽ സതീശൻ ഉണ്ടായിരുന്നു. ഒരുപാട് വെല്ലുവിളികൾ തരണം ചെയ്തുള്ള രാഷ്ട്രീയ പ്രവർത്തനം പരിയാരം ഗവൺമെന്‍റ് സ്കൂളിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് ആയി ഒന്നാമത്തെ എസ്എസ്എൽസി ബാച്ചിൽ ഇറങ്ങിയ സതീശന്‍റെ അടുത്ത പ്രവർത്തന കേന്ദ്രം കണ്ണൂർ ഗവൺമെന്‍റ് പോളിടെക്നിക് ആയിരുന്നു. മെക്കാനിക്കൽ ട്രേഡിൽ വിദ്യാർത്ഥിയായി ഇവിടെയും കെഎസ്‌യുവിനെ നയിച്ചു.

1985 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ കെഎസ്‌യു നേതൃത്വത്തിൽ 66 ദിവസം നീണ്ടുനിന്ന ഐതിഹാസിക സമരം നടത്തിയപ്പോൾ കണ്ണൂരിൽ അത് നയിച്ചത് സതീശൻ പാച്ചേനി ആയിരുന്നു. കണ്ണൂർ എസ്എൻ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്ന സതീശൻ കെഎസ്‌യു തളിപ്പറമ്പ് താലൂക്ക് സെക്രട്ടറിയായും തുടർന്ന് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്‍റുമായി. ബിഎ പൊളിറ്റിക്കൽ സയൻസ് പഠിക്കാൻ പയ്യന്നൂർ കോളേജിൽ ചേർന്ന കാലഘട്ടത്തിൽ കെ.സി വേണുഗോപാൽ കെഎസ്‌യു പ്രസിഡന്‍റായ സമയത്ത് കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗമായി. 1993 ൽ ജെ ജോസഫ് പ്രസിഡന്‍റ് ആയ കമ്മിറ്റിയിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടർന്ന് അടുത്ത കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റായി സതീശൻ പാച്ചേനിയെ തിരഞ്ഞെടുത്തു.

കേരളത്തിൽ ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിനെതിരെ നിരവധി പ്രക്ഷോഭങ്ങൾക്ക് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് ആയിരിക്കെ സതീശൻ പാച്ചേനി നേതൃത്വം നൽകി. പാരലൽ കോളേജ് വിദ്യാർത്ഥികളുടെ ബസ് കൺസഷനുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് നടത്തിയ ഭീകരമായ ലാത്തിച്ചാർജിൽ സതീശൻ പാച്ചേനി അടക്കം 28 കെഎസ്‌യു നേതാക്കൾക്ക് മാരകമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയി. അന്ന് ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് കെഎസ്‌യു നേതാക്കളെ റിമാൻഡ് ചെയ്യുന്നത്. അട്ടക്കുളങ്ങര സബ്ജയിലിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം ഒടിഞ്ഞ പ്ലാസ്റ്ററിട്ട കൈകളും മുറിവുകളുമായി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്തി. സതീശൻ പാച്ചേനിയുടെ നിരാഹാരസമരത്തിന്‍റെ അഞ്ചാംദിവസം അന്നത്തെ ഗതാഗത മന്ത്രി നീലലോഹിതദാസ നാടാർ കെഎസ്‌യു നേതാക്കളെ ചർച്ചയ്ക്ക് വിളിക്കുകയും പാരലൽ കോളേജ് വിദ്യാർത്ഥികളുടെ ചാർജ് വർധിപ്പിച്ച നടപടി പിൻവലിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിനായി കെഎസ്‌യു നടത്തിയ ചരിത്ര സമരങ്ങളിൽ ഒന്നായി ഇത് മാറി.

മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്താതെ പ്രീഡിഗ്രി എടുത്തുകളഞ്ഞ് സ്കൂളുകളിൽ പ്ലസ് ടു കൊണ്ടുവരുന്നതിനെതിരെ കെഎസ്‌യു നടത്തിയ പ്രക്ഷോഭവും സതീശൻ പാച്ചേനി പ്രസിഡന്‍റായ കാലത്തായിരുന്നു. അന്ന് ജാമ്യം കിട്ടാത്ത നിരവധി വകുപ്പുകൾ ചുമത്തി നിരന്തരം ജയിലിൽ അടച്ചാണ് സതീശനെയും സഹപ്രവർത്തകരെയും ഇടത് സർക്കാർ പ്രതിരോധിക്കാൻ ശ്രമിച്ചത്. ജയിലിൽ നിരാഹാര സമരം നടത്തി കെഎസ്‌യു നടത്തിയ പ്രതിഷേധവും ചരിത്രസംഭവമായി. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കാലിക്കറ്റ് സർവകലാശാല യൂണിയൻ കെഎസ്‌യു തിരിച്ചുപിടിക്കുന്നത് സതീശൻ പാച്ചേനി പ്രസിഡന്‍റായ കാലത്താണ്.

96 കെഎസ്‌യു സംസ്ഥാന സെക്രട്ടറിയായിരിക്കെ സതീശൻ പാച്ചേനി നിയമസഭയിലേക്ക് മത്സരിച്ചു. തളിപ്പറമ്പ് മണ്ഡലത്തിൽ എം.വി ഗോവിന്ദൻ മാസ്റ്റർക്ക് എതിരെ കന്നി പോരാട്ടം. 2001 പാർട്ടി നേതൃത്വം സതീശൻ പാച്ചേനിയെ മലമ്പുഴയിൽ വിഎസ് അച്യുതാനന്ദനെ നേരിടാനുള്ള ദൗത്യമാണ് ഏൽപ്പിച്ചത്. അവസാന നിമിഷം മാത്രമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതെങ്കിലും സംസ്ഥാനത്തെ കെഎസ്‌യു നേതാക്കളും സഹപ്രവർത്തകരും എല്ലാം മലമ്പുഴയിൽ ക്യാമ്പ് ചെയ്ത് ആ പോരാട്ടം അവിസ്മരണീയമാക്കി. കേവലം 4,200 വോട്ടുകൾക്കാണ് മലമ്പുഴയിൽ വിഎസ് ഒരുവിധം ജയിച്ചു കയറിയത്. 2006 ൽ താരമൂല്യത്തിന്‍റെ പാരമ്യത്തിൽ വി.എസ് എത്തി നില്ക്കുന്ന സമയത്തും സതീശൻ പാച്ചേനിയെ തന്നെ മലമ്പുഴയിൽ വീണ്ടും കോൺഗ്രസ് നിയോഗിച്ചു. പാലക്കാട് നിന്ന് ലോകസഭയിലേക്ക് 2009 ൽ പോരാട്ടത്തിന് സതീശൻ പാച്ചേനിയെ പാർട്ടി പരിഗണിച്ചപ്പോൾ നേരിയ 1820 വോട്ടിന് പിറകിൽ പോയി. തുടർന്ന് 5 വർഷത്തിന് ശേഷം നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളത്തിലെ അതികായൻ എം.പി വീരേന്ദ്രകുമാർ ഒരു ലക്ഷത്തിലധികം വോട്ടിനാണ് ആ മണ്ഡലത്തിൽ പരാജയപ്പെട്ടത് എന്നത് പാച്ചേനിയുടെ പോരാട്ടവീര്യത്തിന്‍റെ മാറ്റ് കൂടുതൽ പ്രകടമായി പാർട്ടിക്കും ജനങ്ങൾക്കും ബോധ്യമാക്കി. 2016, 2021 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനാണ് സതീശൻ പാച്ചേനി കണ്ണൂരിൽ നിന്ന് പരാജയപ്പെട്ടത്.

2001 മുതൽ 2012 വരെ കെപിസിസി സെക്രട്ടറി ആയിരുന്നു സതീശൻ പാച്ചേനി. കെപിസിസി ജനറൽ സെക്രട്ടറിയായ വേളയിൽ കേരളത്തിലങ്ങോളമിങ്ങോളം കോൺഗ്രസിന് കരുത്തേകാൻ പാച്ചേനി വിശ്രമരഹിതമായ പടയോട്ടത്തിലായിരുന്നു.
2016 ഡിസംബർ 17 ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായി പാർട്ടി ചുമതല കണ്ണൂരിൽ ഏല്‍പ്പിച്ചപ്പോൾ കോൺഗ്രസിന് പുതിയ രീതിയും ശൈലിയും സമ്മാനിച്ചാണ് നിലപാടുകളെ മുറുകെ പിടിക്കുന്ന ആദർശനിഷ്ഠയുള്ള പാച്ചേനി ശ്രദ്ധേയനായത്.
പാർട്ടി ഗ്രാമങ്ങളിലൂടെ ഉൾപ്പെടെ പദയാത്രകൾ നിരന്തരം നടത്തി രാഷ്ട്രീയപരമായി കോൺഗ്രസിന് മേൽക്കോയ്മ സൃഷ്ടിച്ച് മുന്നേറി. മുഖ്യമന്ത്രിയുടെ ജില്ലയിൽ ഇടതുമുന്നണിക്ക് അതിശക്തമായ പ്രതിരോധം തീർത്ത് രാഷ്ട്രീയ പ്രതികരണങ്ങളിലൂടെ ഭരണ നേതൃത്വത്തെ രണ്ടാം സ്ഥാനത്തേക്ക് തള്ളി മാറ്റുന്ന പൊളിറ്റിക്കൽ മെത്തഡോളജി രൂപപ്പെടുത്തി. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന പദയാത്ര ജില്ലയിലുടനീളം നടത്തി പാർട്ടിക്ക് ഉണർവേകി. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തെ തുടർന്ന് സിപിഎം അക്രമത്തിനെതിരെ ജില്ലയിൽ അതിശക്തമായി ജനമനസാക്ഷി ഉണർത്തുന്ന ഇടപെടലിന് നേതൃത്വം നല്‍കി ഉപവാസ സമരമിരുന്ന് പുതിയ സമര മുഖത്തിന് നായകനായി മാറിയത് ശ്രദ്ധേയമായി. കെ സുധാകരൻ എംപിയെ നിരാഹാര സമരത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയ തീരുമാനത്തിലൂടെ ജില്ലയിൽ കോൺഗ്രസ് നടത്തിയ സമരങ്ങളെ ജനകീയ സമരമായി മാറ്റിയ സംഘടനാപാടവം ഏറെ ചർച്ച ചെയ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ സംസ്ഥാന തലത്തിൽ തന്നെ എറ്റവും മികവുറ്റ രീതിയിൽ പാർട്ടി സംഘടനാ സംവിധാനം ഉപയോഗിച്ച് നടത്തിയ ചാരിറ്റി ഇടപെടൽ ശ്രദ്ധേയമായി. കെ സുധാകരൻ എംപിയുടെ നായകത്വത്തിൽ ജില്ലയിലെ പാർട്ടി നേതൃത്വത്തെ ഒരുമിപ്പിച്ച് അപസ്വരങ്ങളില്ലാതെ മുന്നോട്ടുനയിച്ച രാഷ്ട്രീയ തന്ത്രം സംസ്ഥാന തലത്തിൽ തന്നെ കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ അഭിനന്ദനങ്ങൾ നേടിയെടുക്കാൻ പാച്ചേനിക്ക് കഴിഞ്ഞു.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം പണി പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുക്കിയതും സതീശൻ പാച്ചേനിയായിരുന്നു. അന്ന് ആസ്ഥാന നിർമാണത്തിന് പണം തികയാതെ വന്നപ്പോൾ സ്വന്തം വീട് വിറ്റിട്ടായിരുന്നു സതീശൻ പാച്ചേനി നിർമ്മാണം പൂർത്തികരിക്കാൻ പണം കണ്ടെത്തിയത്. ജനങ്ങൾക്കെല്ലാവർക്കും ഏത് സമയത്തും സമീപിക്കാൻ കഴിയുന്ന പാച്ചേനിയുടെ സൗഹാർദ്ദപൂർണ്ണമായ ഹൃദയബന്ധം സൂക്ഷിക്കുന്നതുമായ ഇടപെടൽ പൊതുരംഗത്ത് ജില്ലയിലെ കോൺഗ്രസ് പാർട്ടിക്ക് വലിയ മുതൽ കൂട്ടായി മാറിയിരുന്നു. ഭാരത് ജോഡോ പദയാത്രയുടെ കണ്ണൂർ ജില്ലയിലെ മുഖ്യ ചുമതലക്കാരനായിരുന്നു സതീശൻ പാച്ചേനി. അത് ഭംഗിയായി നിർവഹിച്ച് നേതാക്കളുടെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു.
സതീശൻ പാച്ചേനിയുടെ വിയോഗത്തോടെ കണ്ണൂർ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കാലത്തിന്‍റെ യവനികക്ക് ഉള്ളിൽ മറഞ്ഞ് കാലമെത്ര കഴിഞ്ഞ് പോയാലും ഇന്ത്യൻ നാഷണൽ കോൺഗ്രസും അതിന്‍റെ പ്രവർത്തകരും ഈ നാട്ടിൽ ഉള്ള കാലം വരെ സതീശൻ പാച്ചേനിയുടെ നാമം അനശ്വരമായിരിക്കും.