മുഖ്യമന്ത്രിയുടെ ജില്ലയിൽ ഭരണ സംവിധാനം താളം തെറ്റുന്നത് പരിശോധിക്കണമെന്നും കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് മുന്നറിയിപ്പില്ലാതെ കണ്ണൂരിൽ നിന്ന് യാത്ര മാറ്റിയ സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന്റെ വീഴ്ച ഗുരുതരമാണെന്നും നൂറുകണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കിയ കെടുകാര്യസ്ഥതക്ക് ജില്ലാ ഭരണകൂടം സമാധാനം പറയണമെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.
കണ്ണൂരിൽ നിന്നും യാത്ര പുറപ്പെടുന്ന വിവരം അറിയിച്ചതിന് ശേഷം ട്രെയിൻ മുന്നറിയിപ്പില്ലാതെ കോഴിക്കോട്ടേക്ക് മാറ്റേണ്ടി വന്നത് കണ്ണൂരിൽ നിന്ന് ടിക്കറ്റ് റിസർവ്വ് ചെയ്തവരുടെ യാത്ര തന്നെ മുടങ്ങുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്.
തിങ്കളാഴ്ച പുലർച്ചെ കണ്ണൂരിൽ നിന്നും പുറപ്പെടുന്നതിന് പകരം രാത്രി വൈകി നിശ്ചയിച്ച സമയത്തിനും നാലര മണിക്കൂർ നേരത്ത കണ്ണൂരിൽ നിന്ന് കാലിയായ ട്രെയിൻ കോഴിക്കോട് എത്തിച്ചേരേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് ബന്ധപ്പെട്ടവർ ജനങ്ങളോട് തുറന്ന് പറയണം. കോഴിക്കോട് നിന്ന് ഷെഡ്യൂൾ പ്രകാരമുള്ള സാധാരണയുള്ള ടൈം ടേബിൾ പ്രകാരമാണ് കഴിഞ്ഞ ദിവസം യാത്രക്കാരുമായി ജനശതാബ്ദി പുറപ്പെട്ടത്.
കണ്ണൂരിൽനിന്ന് ജനശതാബ്ദിക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങൾ എല്ലാം നേരത്തെ റെയിൽവേ പൂർത്തിയാക്കിയെങ്കിലും കൊവിഡ് പാശ്ചാത്തലത്തിലെ യാത്രക്കാരുടെ പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിലെ സഹകരണം ലഭിക്കാത്തതാണ് കണ്ണൂരിൽ നിന്നും യാത്രക്കാരെ കയറ്റാതെ ട്രെയിനിന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടി വന്നത്.
മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ ജില്ലാ ഭരണകൂടവും ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ ആരോഗ്യ സംവിധാനവും ഉറക്കം തൂങ്ങി നില്ക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെന്നും കാര്യക്ഷമതയോടെ പ്രവർത്തിക്കേണ്ടവർ നിസംഗതയോടെ പ്രവർത്തിക്കുന്നത് നാടിനാകെ പ്രയാസം വരുത്തിക്കുകയാണെന്നും ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ജില്ലാ ഭരണകൂടം സമാധാനം പറയണമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.