പൊലീസ് ഗുണ്ടാസംഘങ്ങളെ പോലെ പെരുമാറുന്നു : സതീശൻ പാച്ചേനി

Jaihind News Bureau
Friday, August 28, 2020

കള്ളക്കടത്തു സംഘത്തിന്‍റെ കൊട്ട്വേഷൻ എടുത്ത ഗുണ്ടാസംഘങ്ങളെ പോലെ പൊലീസ് യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ലാത്തിച്ചാർജ്ജ് നടത്തി പെരുമാറുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്തു സംഘത്തിന് സർക്കാർ സംവിധാനത്തിന്‍റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കള്ളക്കടത്തു നടത്താൻ സൗകര്യം ചെയ്തു കൊടുത്തതിനെതിരെ സമരം നടത്തുമ്പോൾ
യുവജന നേതാക്കളെ അടിച്ചൊതുക്കാം എന്ന വ്യാമോഹമാണ് പൊലീസിന് ഉണ്ടാകുന്നത്.

പൊതുപണം അഴിമതി നടത്തി കട്ടുമുടിക്കുന്ന പിണറായി സർക്കാരിന്‍റെ നടപടിക്കെതിരെ സമരം നടത്തുമ്പോൾ പോലീസ് ഭരണകൂടത്തിന്‍റെ തെറ്റായ നയങ്ങളുടെ സംരക്ഷകരായി അധഃപതിക്കുന്നത് ശരിയായ നടപടിയല്ല.

കള്ളക്കടത്ത് സംഘങ്ങൾക്ക് ഒത്താശ ചെയ്തുകൊടുത്ത് അഴിമതിക്ക് നേതൃത്വം കൊടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക സംഘങ്ങളെപ്പോലെ പ്രവർത്തിക്കുമ്പോൾ അതിന് ചൂട്ട് പിടിക്കുന്ന വലിയ ഏമാൻമാരുടെ സ്വഭാവത്തിലാണ് പൊലീസ് എത്തപ്പെട്ടിട്ടുള്ളതെന്നും യുവജന നേതാക്കളെ അന്യായമായി തല്ലിച്ചതച്ച ജില്ലയിലെ പൊലീസുകാർ പിണറായി ഭരണത്തിന്‍റെ കാലാവധി തീരുന്നത് ഓർക്കുന്നത് നല്ലതായിരിക്കുമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.