പാലത്തായി പീഡന കേസ് : പ്രതിക്ക് ജാമ്യം കിട്ടിയത് സി.പി.എം – ബി.ജെ.പി ഒത്തുകളി മൂലമെന്ന് സതീശൻ പാച്ചേനി

Jaihind News Bureau
Thursday, July 16, 2020

പാലത്തായി പീഡനകേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ പോക്സോ കേസ് ഒഴിവാക്കി കേസിലെ പ്രതിക്ക് ജാമ്യം കിട്ടിയത് സി.പി.എം – ബി.ജെ.പി ഒത്തുകളി മൂലമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിലും വിവിധ പോഷക സംഘടനകളുടെ നേതൃത്വത്തിലും പ്രക്ഷോഭ രംഗത്തേക്ക് കടന്നുവന്നത് കൊണ്ട് മാത്രമാണ് കേസ് രജിസ്റ്റർ ചെയ്യാൻ പോലും പോലീസ് തയ്യാറായത്. അന്വേഷണത്തിന് ആദ്യഘട്ടത്തിൽ മേൽനോട്ടം വഹിച്ച തലശ്ശേരി ഡിവൈഎസ്പി കേസിന് വ്യക്തമായ തെളിവുണ്ടെന്നും മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെയുള്ള ആധികാരിക രേഖകൾ ഉണ്ടെന്നും മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടിരുന്നു.

പ്രതിക്ക് ജാമ്യം കിട്ടാൻ കുറ്റപത്രം സമർപ്പിക്കേണ്ട നടപടിക്രമങ്ങളിൽ വീഴ്ച വരുത്താൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതോടെ വീണ്ടും കോൺഗ്രസ് നേതൃത്വത്തിൽ പ്രക്ഷോഭ രംഗത്ത് കടന്ന് വന്നതോടെയാണ് സമയത്ത് കുറ്റപത്രം നൽകാൻ പോലും ക്രൈംബ്രാഞ്ച് തയ്യാറായത്.

ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രം പ്രതിയെ പൂർണ്ണമായും രക്ഷിക്കുന്നതിന് വേണ്ടിയുള്ള ഭരണപക്ഷ താൽപര്യത്തെ സംരക്ഷിക്കുന്ന നടപടിയാണെന്ന് പകൽ പോലെ വ്യക്തമാണ്. ക്രൈംബ്രാഞ്ച് ഐജി നേരിട്ട് വന്ന് കാര്യങ്ങൾ പരിശോധിച്ച് കേസിൽ പോക്സോ വകുപ്പ് ഒഴിവാക്കി പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന സമീപനമാണ് അന്വേഷണ സംഘം ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്.

സി.പി.എം ബിജെപി നേതൃത്വങ്ങൾ തമ്മിലുള്ള ധാരണയുടെ ഫലമായിട്ടാണ് ഇത്തരത്തിലുള്ള ഒരു സമീപനവുമായി പോലീസ് മുന്നോട്ടു പോയിട്ടുള്ളത്. മെഡിക്കൽ റിപ്പോർട്ടിന്‍റെ പിൻബലത്തോടെ ഡിവൈഎസ്പി ഒന്ന് പറയുകയും ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോൾ അത്തരത്തിലുള്ള കാര്യങ്ങൾ പൂർണമായും തള്ളിക്കളയുകയും ചെയ്തിട്ടുള്ളത് ദുരൂഹമാണ്.

പ്രതിയെ സംരക്ഷിക്കുന്നതിനുവേണ്ടി വേട്ടക്കാരുടെ പക്ഷം ചേർന്ന് പ്രവർത്തിക്കുന്ന പോലീസ് നടപടി പ്രതിഷേധാർഹമാണെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ നടന്ന സംഭവത്തിൽ മന്ത്രി അനങ്ങാപ്പാറ നയം സ്വീകരിച്ചതും ഒത്തുകളിയുടെ ഭാഗമാണെന്ന് ഇപ്പോൾ വ്യക്തമായതായും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

teevandi enkile ennodu para