സമര പോരാളിക്ക് വിട… ശാസ്താംകോട്ട സുധീര്‍ അന്തരിച്ചു

Jaihind Webdesk
Friday, May 21, 2021

കൊല്ലം : ജില്ലയിലെ കോൺഗ്രസിന്‍റെ പ്രമുഖ നേതാവും ഡിസിസി സെക്രട്ടറിയുമായ ശാസ്താംകോട്ട സുധീർ അന്തരിച്ചു. തലച്ചോറിനെ ബാധിച്ച അപൂർവ രോഗത്തിന് ചികിത്സയിലായിരുന്നു. ധീരനായ സമരപോരാളിയെയാണ് നഷ്ടമായത്.

ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ കെ.എസ്‌.യു യൂണിറ്റ് ഭാരവാഹിയാണ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശം. കെഎസ്‌യു കാലഘട്ടത്തിൽ പാഠപുസ്തക സമരം ഉൾപ്പെടെയുള്ള അനവധി സമരപോരാട്ടങ്ങളിൽ പങ്കെടുത്ത് ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

തുടർന്ന് കെ.എസ്‌.യുവിന്‍റെയും കോൺഗ്രസിന്‍റെയും ജില്ലാ ഭാരവാഹിയായി പ്രവർത്തിച്ചു. ഡീൻ കുര്യാക്കോസ് സംസ്ഥാന പ്രസിഡന്‍റ് ആയിരുന്ന യൂത്ത്കോൺഗ്രസ് കമ്മിറ്റിയിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. തുടർന്ന് കെപിസിസി നിർവാഹകസമിതി അംഗവും നിലവിൽ കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.

ഭൗതികശരീരം നാളെ തിരുവനന്തപുരത്തുനിന്നും ജന്മസ്ഥലമായ ശാസ്താംകോട്ടയിലേക്ക് കൊണ്ടുവരും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കബറടക്കം.