‘ശശീന്ദ്രന്‍ മുമ്പും നിരവധി സ്ത്രീപീഡന പരാതികള്‍ ഒതുക്കിത്തീര്‍ത്തു’ ; ഗുരുതര വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ പിതാവ്

Jaihind Webdesk
Monday, July 26, 2021

 

കൊല്ലം : മന്ത്രി എ.കെ ശശീന്ദ്രനും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയ്ക്കും എതിരെ കുണ്ടറ പീഡന കേസിലെ പരാതിക്കാരിയുടെ പിതാവ്.  ശശീന്ദ്രൻ മുമ്പും നിരവധി സ്ത്രീപീഡന പരാതികൾ ഒതുക്കി തീർത്തിട്ടുണ്ടെന്ന് പരാതിക്കാരിയുടെ പിതാവ് വെളിപ്പെടുത്തി. മന്ത്രിയും പാര്‍ട്ടിയും വേട്ടക്കാരനൊപ്പമാണ് നിലകൊണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2013 ല്‍ പാര്‍ട്ടിയിലുയര്‍ന്ന പീഡനക്കേസ് ഒതുക്കിത്തീര്‍ത്തത് മന്ത്രി എ.കെ ശശീന്ദ്രനാണെന്ന് പരാതിക്കാരിയുടെ പിതാവ് വെളിപ്പെടുത്തി. ഇതുള്‍പ്പെടെ നിരവധി സമാനമായ പരാതികളില്‍ ശശീന്ദ്രന്‍ ഇടപെട്ടിട്ടുണ്ടെന്നും ഇദ്ദേഹം വെളിപ്പെടുത്തി. മകളുടെ കാര്യത്തിലും പാര്‍ട്ടിയും മന്ത്രിയും വേട്ടക്കാർക്കൊപ്പമാണ് നിലകൊണ്ടത്. ഇക്കാര്യങ്ങളെല്ലാം പുറത്തുകൊണ്ടുവരുമെന്നും നീതി ലഭിക്കാനായി സുപ്രീം കോടതി വരെ പോകേണ്ടിവന്നാലും അത് ചെയ്യുമെന്നും പരാതിക്കാരിയുടെ പിതാവ് വ്യക്തമാക്കി.

ഫോണ്‍ വിളി വിവാദവുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍ നിന്ന് ആറുപേരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പരാതിക്കാരിയുടെ പിതാവും ഉള്‍പ്പെടുന്നു. അച്ചടക്ക നടപടിക്ക് പിന്നാലെയാണ് സംസ്ഥാന പ്രസിഡന്‍റ് പി.സി ചാക്കോയ്ക്കും മന്ത്രി എ.കെ ശശീന്ദ്രനുമെതിരെ പെൺകുട്ടിയുടെ പിതാവ് രംഗത്തെത്തിയത്.