ശശി തരൂര്‍ എം.പി തെര്‍മല്‍ ക്യാമറ എത്തിച്ചത് ഇങ്ങനെ

Jaihind News Bureau
Saturday, May 2, 2020

ശരീര ഊഷ്മാവ് കൂടുതലുള്ളവരെ കണ്ടെത്താന്‍ സഹായിക്കുന്ന തെര്‍മല്‍ ആന്‍ഡ് ഒപ്ടിക്കല്‍ ഇമേജിങ് ക്യാമറ കേരളത്തില്‍ ആദ്യമായി എത്തിച്ചിരിക്കുകയാണ് ശശി തരൂര്‍ എം.പി. ക്യാമറ ഏഷ്യയില്‍ ലഭ്യമല്ലാത്തതിനാല്‍ ആംസ്റ്റർഡാമിൽ നിന്നാണ് അദ്ദേഹം സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.

ആംസ്റ്റർഡാമിൽ നിന്നും വാങ്ങി ആദ്യം ജർമനിയിലെ ബോണിലെത്തിക്കുകയും അവിടെനിന്ന് ഡിഎച്ച്എല്ലിന്‍റെ നിരവധി ഫ്ലൈറ്റുകളിലൂടെ  പാരിസ്, ലെപ്സിഗ്, ബ്രസൽസ്, ബഹറിൻ, ദുബായ് വഴി ബെംഗളൂരുവിലും റോഡ് മാര്‍ഗം തലസ്ഥാനത്തും എത്തിച്ചു.  ഒന്നിലേറെ ആളുകളാണ്  ഇതിനിടയില്‍ കോർഡിനേറ്റ് ചെയ്തിരുന്നത്.

അതേസമയം എം.പി ഫണ്ട് മരവിപ്പിച്ചിരിക്കുന്നതിനാല്‍ മറ്റ് കോർപ്പറേറ്റ് ഗ്രൂപ്പുകളുമായി കൈ കോർത്ത് കൂടുതൽ ക്യാമറകൾ എത്തിക്കാനും എയർപോർട്ടിലും റെയിൽവേ സ്റ്റേഷനിലും മെഡിക്കൽ കോളേജിലും ഇൻസ്റ്റാൾ ചെയ്യാനും പദ്ധതിയുണ്ടെന്നും തരൂർ പറയുന്നു.

ഇതിനു മുൻപ്  9000 പി.പി.ഇ കിറ്റുകളും 3000 ടെസ്റ്റിങ്ങ് കിറ്റുകളും ശശി തരൂര്‍ തലസ്ഥാനത്ത് എത്തിച്ചിരുന്നു. യാത്രാവിമാനമില്ലാത്ത സമയത്ത് ലോക്ഡൗണിനിടയിലും തന്‍റെ വ്യക്തിബന്ധങ്ങളും സംഘടനാശക്തിയും ഉപയോഗിച്ചാണ്  അദ്ദേഹം ഇവ എത്തിച്ചത്.  ഒരു കോടി രൂപ ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിന് ടെസ്റ്റിങ്ങ് കിറ്റുകൾ വികസിപ്പിക്കാനായും അദ്ദേഹം കൈമാറിയിരുന്നു. ശശി തരൂരിന്‍റെ ഇത്തരം പ്രവര്‍ത്തനങ്ങളെ  പ്രകീര്‍ത്തിച്ച് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.