‘അപൂര്‍വ്വം ചില ഓണ്‍സ്‌ക്രീന്‍ നായകന്മാര്‍ക്കേ ഈ വില്ലന്മാരെ നേരിടാന്‍ സാധിക്കൂ’ ; നടന്‍ സിദ്ധാർത്ഥിനെ പിന്തുണച്ച് ശശി തരൂർ എംപി

Jaihind Webdesk
Friday, April 30, 2021

 

ന്യൂഡല്‍ഹി : നരേന്ദ്ര മോദിയെ വിമർശിച്ചതിന്‍റെ പേരില്‍ സൈബർ ആക്രമണം നേരിടുന്ന നടന്‍ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എം. പിയുമായ ശശി തരൂര്‍. സിദ്ധാര്‍ത്ഥിനെ പോലെയുള്ള അപൂര്‍വ്വം ഓണ്‍ സ്‌ക്രീന്‍ നായകന്മാര്‍ക്കേ സമൂഹത്തിലെ യഥാര്‍ത്ഥ വില്ലന്മാരെ നേരിടാന്‍ സാധിക്കൂ എന്നാണ് തരൂര്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

‘എന്തുകൊണ്ടാണ് ഓണ്‍ സ്‌ക്രീന്‍ ഹീറോകള്‍ യഥാര്‍ത്ഥ സമയത്ത് നിലപാടുകള്‍ പറയാത്തതും പ്രൊപാഗാണ്ടയുടെ പ്രചാരകര്‍ ആയി തീരുന്നതെന്നും നമ്മള്‍ ചിന്തിക്കാറുണ്ട്. സിദ്ധാര്‍ത്ഥിനെ പോലുള്ള ചിലരൊഴികെയുള്ള ഓണ്‍ സ്‌ക്രീന്‍ നായകന്മര്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും ഭീഷണിയുയര്‍ത്തുന്നവരാണ് സമൂഹം ഇപ്പോഴും സംരക്ഷിച്ചു നിര്‍ത്തുന്ന ഈ വില്ലന്മാര്‍ എന്നതാണ് അതിന് കാരണം,’ തരൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സിദ്ധാർത്ഥിന്‍റെ ഫോണ്‍നമ്പര്‍ തമിഴ്‌നാട് ബി.ജെ.പിയും ഐ.ടി സെല്ലു ചേര്‍ന്ന ചോര്‍ത്തിയെന്നും തുടര്‍ന്ന് അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും 500 ലേറെ കോളുകള്‍ തനിക്കും വീട്ടുകാര്‍ക്കും വന്നുവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. ബി.ജെ.പിയുമായി ബന്ധമുള്ളതും അല്ലാത്തതുമായ എല്ലാ നമ്പറുകളും പൊലീസിന് കൈമാറുകയാണെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു. ഇതുകൊണ്ടൊന്നും തന്‍റെ വായ അടപ്പിക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘എന്നെ നിശബ്ദനാക്കാനാവില്ല, നിങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരിക്കൂ’ എന്നും നരേന്ദ്ര മോദിയെയും അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ സിദ്ധാര്‍ത്ഥ് പറയുന്നു. തന്‍റെ നമ്പര്‍ ചോര്‍ന്നതിന് പിന്നാലെ ആ നമ്പര്‍ പങ്കുവെച്ചുകൊണ്ട് തന്നെ ഉപദ്രവിക്കാനും ആക്രമിക്കാനും ആഹ്വാനം ചെയ്യുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്‍റെ സ്‌ക്രീന്‍ ഷോട്ടും സിദ്ധാര്‍ത്ഥ് മറ്റൊരു ട്വീറ്റില്‍ പങ്കുവെച്ചിരുന്നു.

സംഭവത്തിന് പിന്നാലെ സിദ്ധാര്‍ത്ഥിനെ പിന്തുണച്ച് #IstandwithSiddharth ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുകയും ചെയ്തിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ നാല്‍പ്പത്തി അയ്യായിരത്തിലധികം ട്വീറ്റുകളിലാണ് ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്യപ്പെട്ടത്.