വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സർവജന സ്കൂളില്‍ ചൊവ്വാഴ്ച മുതല്‍ ക്ലാസുകളുടെ പ്രവർത്തനം പുനരാംഭിക്കാൻ സർവക്ഷിയോഗത്തിൽ തീരുമാനമായി. യു പി വിഭാഗത്തിന് ഒരാഴ്ച അവധി നൽകണമെന്നും വിദ്യാഭ്യാസവകുപ്പിനോട് ആവശ്യപ്പെടും. സുരക്ഷിതമല്ലാത്ത കെട്ടിടം പൊളിച്ച് നീക്കാനും തീരുമാനം ഉണ്ട്. നാളെ വിവിധ സന്നദ്ധ സംഘനകളുടെ നേതൃത്വത്തിൽ സ്കൂൾ ശുചീകരിക്കാനും തീരുമാനിച്ചു.
സർവ്വജന സ്കൂളില്‍ ഷഹല ഷെറിന് പാമ്പുകടിയേറ്റ കെട്ടിട ഭാഗം പൊളിച്ച് നീക്കും. പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം പണിയാനാണ് തീരുമാനം. ബത്തേരി മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ചതിന് പിന്നാലെ സ്കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളിലെ യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നൽകാനും, ഹൈസ്കൂൾ-ഹയർ സെക്കണ്ടറി ക്ലാസുകൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
വിദ്യാർത്ഥിയുടെ മരണത്തിൽ ആരോപണ വിധേയരായ സ്കൂൾ പ്രിൻസിപ്പലിനെയും ഹെഡ്മാസ്റ്ററേയും അധ്യാപകനെയും സസ്പെൻറ് ചെയ്ത സാഹചര്യത്തിൽ സ്കൂളിന് പകരം പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തി. വിദ്യാർത്ഥികൾക്ക് പ്രത്യേക കൗൺസിലിങ്ങ്, ശുചീകരണ പ്രവൃത്തികൾ തുടങ്ങിയവയാണ് യോഗത്തിലുണ്ടായ മറ്റ് തീരുമാനങ്ങൾ. ഇത് കൂടാതെ കുട്ടികൾക്കെതിരെ പ്രതികാര നടപടി ഉണ്ടാകാതിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.