‘സോളാർ വഴിതിരിച്ചുവിട്ടതിനു പിന്നിൽ ഗണേഷ് കുമാർ, സരിതയെ കൊണ്ട് യുഡിഎഫ് മന്ത്രിമാർക്കെതിരെ ആരോപണം ഉന്നയിപ്പിച്ചു’ ; വെളിപ്പെടുത്തലുമായി ശരണ്യ മനോജ്

Jaihind News Bureau
Friday, November 27, 2020

 

കൊല്ലം : സോളാർ വിഷയം വഴിതിരിച്ചുവിടുകയും സരിതയെ കൊണ്ട് യുഡിഎഫ് മന്ത്രിമാർക്കെതിരെ ആരോപണം ഉന്നയിക്കുകയും എഴുതിക്കുകയും ചെയ്തതിനു പിന്നിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയും പിഎയുമാണെന്ന് കേരള കോൺഗ്രസ് (ബി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശരണ്യ മനോജ്. കൊല്ലം തലവൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് ആർ ബാലകൃഷ്ണപിള്ളയുടെയും കെ.ബി ഗണേഷ് കുമാറിന്‍റെയും സന്തതസഹചാരിയായിരുന്ന ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തല്‍.

സോളാർ കേസില്‍ ആദ്യം ആരോപണമുയർന്നപ്പോൾ താനാണ് മുഖ്യ പ്രതിയെന്ന് തിരിച്ചറിഞ്ഞ ഗണേഷ് കുമാർ പിന്നീട് കാര്യങ്ങൾ തിരിച്ച് വിടുകയായിരുന്നുവെന്ന് ശരണ്യ മനോജ് പറഞ്ഞു. തന്നെ രക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാർ സഹായം തേടിയപ്പോൾ ഈ വിഷയത്തിൽ ഇടപെട്ട വ്യക്തി എന്ന നിലയിലാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ. ബാലകൃഷ്ണപിള്ളയുടെയും കെ.ബി ഗണേഷ് കുമാറിന്‍റേയും സന്തത സഹചാരിയും കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തൽ സോളാർ കേസ് വഴി തിരിച്ചതിന്‍റെ ഗൂഢാലോചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഗണേഷ് കുമാറിന്‍റെ ഏകാധിപത്യ ചെയ്തികളിൽ മനം മടുത്ത ശരണ്യ മനോജ് കേരള കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു.