വൈഗയുടെ മരണം : സനുമോഹന്‍റെ അറസ്റ്റ്  രേഖപ്പെടുത്തി ; തെളിവെടുപ്പ് നടത്തും

കൊച്ചി : വൈഗയുടെ മരണത്തില്‍ പിതാവ് സനുമോഹന്‍റെ അറസ്റ്റ്  രേഖപ്പെടുത്തി. വൈഗയെ കൊലപ്പെടുത്തിയതാണെന്ന് സനു മോഹൻ പൊലീസിനോട് സമ്മതിച്ചു. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ മകളെ മുട്ടാര്‍ പുഴയില്‍ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്ന് ഇയാള്‍ പറഞ്ഞു. സനുവിന്‍റെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് പിടിയിലായ സനുമോഹനെ ഇന്ന് പുലര്‍ച്ചെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യുകയായിരുന്നു. എറണാകുളം മുട്ടാർ പുഴയിലാണ് വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ അപ്രത്യക്ഷനായ സനു മോഹനെ ഉത്തര കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് കര്‍ണാടക പൊലീസ് പിടികൂടിയത്.

മാര്‍ച്ച് 21-നാണ് സനുമോഹനെയും മകള്‍ വൈഗയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്ന് കണ്ടെത്തി. സനുവിന് വേണ്ടിയും പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനു സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ കഴിയാത്തത് ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് സനു മോഹന്‍ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടെയാളാണ് സനുമോഹനെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു. ഒരുവിവരവും കിട്ടാതായതോടെ ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

Comments (0)
Add Comment