വൈഗയുടെ മരണം : സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍

Jaihind Webdesk
Sunday, April 18, 2021

മംഗളൂരു : മകളുടെ മരണത്തിന്‌ശേഷം ഒളിവില്‍പ്പോയ സനുമോഹന്‍ പിടിയില്‍. കര്‍ണാടകയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇന്നു രാത്രിയിലോ തിങ്കളാഴ്ച രാവിലെയോ കൊച്ചിയിൽ എത്തിക്കും. മാർച്ച് 20ന് ആണു സനു മോഹനെ(40)യും മകൾ വൈഗയെയും (13) കാണാതായത്. പിറ്റേന്ന്, വൈഗയെ മുട്ടാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

അതേസമയം സനുമോഹനെ കൊച്ചി പൊലീസ് കര്‍ണാടകയില്‍ വിശദമായി ചോദ്യംചെയ്തുവരികയാണെന്നാണ് വിവരം. എന്നാല്‍ കൊച്ചി സിറ്റി പൊലീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. സനു മോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ ആറ് ദിവസം താമസിച്ചിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് കര്‍ണാടക കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

മാര്‍ച്ച് 21-നാണ് സനുമോഹനെയും മകള്‍ വൈഗയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍നിന്ന് കണ്ടെത്തി. സനുവിന് വേണ്ടിയും പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനു സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ കഴിയാത്തത് ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് സനു മോഹന്‍ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടെയാളാണ് സനുമോഹനെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു. ഒരുവിവരവും കിട്ടാതായതോടെ ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.