കാലടി സർവകലാശാലയില്‍ വീണ്ടും നിയമന വിവാദം; മികച്ച യോഗ്യതയുള്ളവര്‍ പുറത്ത്, റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

Jaihind Webdesk
Tuesday, June 22, 2021

തിരുവനന്തപുരം : കാലടി സംസ്കൃത സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ വീണ്ടും വിവാദത്തില്‍. മികച്ച യോഗ്യതയുള്ളവരെ ഒഴിവാക്കി ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നുവെന്നാണ്   ആക്ഷേപം. മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി ഉണ്ടാക്കിയ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നും ആവശ്യമുയരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി നിവേദനം നൽകി.

സംസ്കൃത സർവകലാശാലയിൽ അടുത്തിടെ നടന്ന അസിസ്റ്റന്‍റ് പ്രൊഫസർമാരുടെ വിവാദ നിയമനങ്ങൾക്ക് പിന്നാലെയാണ് കരാറടിസ്ഥാനത്തിലുള്ള അധ്യാപക നിയമനങ്ങളിലും പക്ഷപാതം നടക്കുന്നതായി ആക്ഷേപമുയര്‍ന്നിരിക്കുന്നത്. അധ്യയന പരിചയമുള്ളവരെയും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡ് നേടിയവരെയും നിരവധി ഗവേഷണ പ്രസിദ്ധീകരണങ്ങളു ള്ളവരെയും ഒഴിവാക്കിയാണ് ഇത്തരത്തില്‍ ഇഷ്ടക്കാരെ നിയമിക്കുന്നത്. കാറ്ററിംഗ് സർവീസ് നടത്തുന്നവരെയും കുറഞ്ഞ അക്കാദമിക് യോഗ്യതയുള്ളവരെയും സ്വാധീനത്തിന്‍റെ പിൻബലത്തിൽ അധ്യാപകരായി നിയമിച്ചതും വിവാദമായി.

213 അധ്യാപകരെ കരാര്‍ അടിസ്ഥാനത്തിൽ നിയമിക്കാൻ ഓൺലൈന്‍ ഇന്‍റർവ്യൂ നടത്തിയാണ്  റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ റാങ്ക് പട്ടികയില്‍ ക്രമക്കേട് നടന്നതായി പരാതിയുണ്ട്. 2018 ലെ യുജിസി ചട്ടങ്ങൾ അവഗണിച്ച് പുതിയ മാനദണ്ഡങ്ങൾ ഉണ്ടാക്കി ഇഷ്ടക്കാര്‍ക്ക് ഇന്‍റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്നാണ് ആക്ഷേപം. ഇന്‍റർവ്യൂബോർഡിലെ അംഗങ്ങളുടെ അഭിപ്രായങ്ങൾ മറികടന്നാണ് വിസി റാങ്ക് പട്ടിക തയാറാക്കുന്നതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.

നേരത്തെ  റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് മലയാളവിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി എം.ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചത് വിവാദമായിരുന്നു. ഇതിനുപുറമെ സിപിഎം ശുപാര്‍ശയില്‍ പാര്‍ട്ടി സഹയാത്രികയ്ക്ക് നിയമനം നല്‍കുന്നതിനുള്ള ശുപാര്‍ശക്കത്ത് പുറത്തുവന്നതും വിവാദമായിരുന്നു. പുതിയ നിയമന വിവാദം കാലടി സര്‍വകലാശാലയെ വീണ്ടും കുരുക്കിലാക്കിയിരിക്കുകയാണ്.