സംസ്കൃത സർവകലാശാല കലോത്സവം; വിസി യോടൊപ്പം പി.എം ആർഷോയും രക്ഷാധികാരി; സ്ഥലം എം. പി.യെ ഒഴിവാക്കി

Jaihind Webdesk
Tuesday, June 13, 2023

തിരുവനന്തപുരം: ഇന്ന് മുതല്‍ ജൂണ്‍ 15 വരെ നടക്കുന്ന സംസ്ഥാന സംസ്കൃത സര്‍വ്വകലാശാല യുവജനോത്സവത്തില്‍ വിസി യോടൊപ്പം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയും രക്ഷാധികാരി. സ്ഥലം എംപിയെപ്പോലും ഒഴിവാക്കിയാണ് മഹാരാജാസ് കോളേജിൽ ബിരുദ പരീക്ഷ എഴുതാതെ വിജയിച്ചതായി ആരോപിക്കപ്പെട്ടിട്ടുള്ള പിഎം  ആർഷോയേയും ഉൾപ്പെടുത്തി വിസി ഉത്തരവിറക്കിയത്. വിസി യോടൊപ്പം സമാന പദവിയിൽ ഒരു വിദ്യാർഥി നേതാവിനെ സർവ്വകലാശാല നാമനിർദ്ദേശം ചെയ്യുന്നത് തന്നെ ഇത് സംസ്ഥാനത്ത് ആദ്യമായാണ്.

സംഘാടകസമിതിയുടെ രക്ഷാധികാരിയായി സ്ഥലം എംഎല്‍എ ആയ റോജി.എം. ജോൺ, വിസി, പിവിസി, രജിസ്ട്രാർ, സിൻ ഡിക്കേറ്റ് അംഗങ്ങളായ പ്രൊ: ബിജു.എക്സ്.മലയിൽ, ഡോ :സി.എം. മനോജ് കുമാർ എന്നിവരോടൊപ്പമാണ് പി. എം ആർഷോയേയും, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ നേതാവ് തുളസിയേയും നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. സ്ഥലം എംപി ബെന്നി ബഹനാനെ പോലും സംഘാടക സമിതിയിൽ നിന്നും ഒഴിവാക്കിയിട്ടാണ് ഇത്തരത്തിലുള്ള ഉത്തരവിറക്കിയിരിക്കുന്നത്.

സർവ്വകലാശാല ലക്ഷങ്ങൾ ചെലവിട്ട്  നടത്തുന്ന യുവജനോത്സവത്തിൽ വിജയികളാവുന്നവർക്ക് യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഗ്രേസ് മാർക്കിന് അവകാശമുണ്ട്. യുവജനോത്സവത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾക്കും കഴിഞ്ഞ വർഷം ഗ്രേസ് മാർക്ക്‌ നൽകി വിജയിപ്പിച്ചതായ ആരോപണം നില നിൽക്കുമ്പോഴാണ് വിസി യോടൊപ്പം ആരോപണ വിധേയനായിരിക്കുന്ന എസ്എഫ്ഐ നേതാവിനെകൂടി സംഘാടക സമിതിയിൽ രക്ഷാധികാരിയായി നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.