പത്തനംതിട്ട : ശബരിമലയിൽ ദിനംപ്രതി തിരക്ക് കൂടിവരുന്നു. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ശരംകുത്തിക്കും അപ്പുറത്തേക്ക് ക്യു നീണ്ടു. ഇന്നലെ രാത്രി ഹരിവരാസനം പാടി നട അടച്ച സമയത്ത് കുറഞ്ഞത് 10,000 പേരെങ്കിലും പതിനെട്ടാം പടി കയറാനുള്ള ക്യുവിൽ ഉണ്ടായിരുന്നു. ഇവരെല്ലാം ഇന്നാണ് പടികയറി ദർശനം നടത്തിയത്. വടക്കേ നടയിലും ദർശനത്തിനുള്ള നീണ്ട നിരയാണ്. കൂടുതല്‍ പോലീസ് സംഘം നിയന്ത്രണത്തിനായി സ്ഥലത്തെത്തി.
ഏറ്റവും കൂടുതൽ തീർഥാടകർ ദർശനത്തിനെത്തിയ ദിവസമായിരുന്നു ഇന്നലെ. തീർഥാടകരുടെ എണ്ണം ക്രമാനുഗതമായി ഉയരുന്നതിനാൽ, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് പോലീസിന് കൂടുതൽ വെല്ലുവിളിയായി മാറുകയാണ്. രാത്രി 11ന് ഹരിവരാസനം പാടി നട അടച്ചപ്പോഴും പതിനെട്ടാംപടി കയറാനുള്ള നീണ്ട നിര ശരംകുത്തിക്കും മരക്കൂട്ടത്തിനും മധ്യേ ഉണ്ടായിരുന്നു. ഇന്നലെ രാത്രി 10 വരെയുള്ള കണക്കനുസരിച്ച് 84,762 പേർ ദർശനം നടത്തി. അതിൽ 16,840 പേര്‍ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇന്നലെ പുതിയ പോലീസ് സംഘം ചുമതലയേറ്റു. കഴിഞ്ഞ രണ്ട് ബാച്ചിലും ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ പോലീസ് എത്തിയിട്ടുണ്ട്. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസ് ബസുകളിൽ കയറാൻ ത്രിവേണിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തീർഥാടകർ റോഡിലേക്ക് ഇറങ്ങി അപകടം ഉണ്ടാകാതിരിക്കാൻ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.