സഞ്ജുവിനെതിരെ വംശീയ അധിക്ഷേപം; കേന്ദ്രമന്ത്രിക്ക് പരാതി നൽകി കോൺഗ്രസ്, നടപടി വേണമെന്ന് ആവശ്യം

Jaihind News Bureau
Tuesday, March 3, 2026

ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ, ടീമിന്റെ വിജയശില്പിയായ മലയാളി താരം സഞ്ജു സാംസണെതിരെ ഉയർന്ന വംശീയ അധിക്ഷേപത്തിൽ കടുത്ത പ്രതിഷേധവുമായി കേരളത്തിലെ കോൺഗ്രസ് നേതൃത്വം. സഞ്ജുവിനെ വംശീയമായി അധിക്ഷേപിച്ച് എക്സിൽ പോസ്റ്റിട്ട വ്യക്തിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിനാണ് കോൺഗ്രസ് പരാതി നൽകിയത്.

ഞായറാഴ്ച കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 50 പന്തിൽ 97 റൺസെടുത്ത് സഞ്ജു പുറത്താകാതെ നിന്നിരുന്നു. ഈ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് സഞ്ജുവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു എക്സ് അക്കൗണ്ടിൽ വംശീയ പരാമർശം പ്രത്യക്ഷപ്പെട്ടത്. “കറുത്ത ശക്തികൾക്കേ കറുത്ത ശക്തികളെ തോൽപ്പിക്കാൻ കഴിയൂ” എന്നായിരുന്നു വിൻഡീസ് താരങ്ങളെയും സഞ്ജുവിനെയും ലക്ഷ്യം വെച്ചുള്ള വിവാദ പോസ്റ്റ്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.

സംഭവത്തിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ ടാഗ് ചെയ്തുകൊണ്ടാണ് കോൺഗ്രസ് രംഗത്തെത്തിയത്. “കേരളത്തിന്റെ അഭിമാനമായ സഞ്ജുവിനെതിരായ ഇത്തരം അധിക്ഷേപങ്ങൾക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്നും അക്കൗണ്ടിനെതിരെ നടപടി വേണമെന്നും” കോൺഗ്രസ് എക്സിലൂടെ ആവശ്യപ്പെട്ടു. അതേസമയം, താൻ നിലവിൽ സോഷ്യൽ മീഡിയയിൽ നിന്നും ഫോണിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും തന്റെ ശ്രദ്ധ മുഴുവൻ കളിയിലാണെന്നും സഞ്ജു മത്സരശേഷം പ്രതികരിച്ചു. ബാഹ്യമായ അധിക്ഷേപങ്ങളെ അതിജീവിച്ച് സഞ്ജു നടത്തുന്ന പോരാട്ടത്തിന് ആരാധകർക്കിടയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.