
ലോകകപ്പിന് തൊട്ടുമുൻപ് നടന്ന ന്യൂസീലൻഡ് പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരിൽ സാംസണിന്റെ വിധി എഴുതിയവർക്ക് ബാറ്റുകൊണ്ട് മറുപടി നൽകിയിരിക്കുകയാണ് ഈ മലയാളി താരം. സ്വന്തം ആരാധകർക്ക് മുന്നിൽ തിരുവനന്തപുരത്ത് നിരാശനായി മടങ്ങേണ്ടി വന്ന സഞ്ജു, അഹമ്മദാബാദിലെ ഫൈനലിൽ 89 റൺസ് അടിച്ചുകൂട്ടിക്കൊണ്ട് ആ കണക്കുകളെല്ലാം തീർത്തു. 2024 ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാതെ ഭാഗ്യം കൊണ്ട് മാത്രം കിരീടത്തിൽ പങ്കാളിയായെങ്കിൽ, ഇക്കുറി വിയർപ്പൊഴുക്കി പൊരുതി നേടിയെടുത്ത വിജയമാണിതെന്ന് സഞ്ജു തെളിയിച്ചു.
തകർന്നത് വിരാട് കോലിയുടെ റെക്കോർഡുകൾ
ലോകകപ്പിലെ റൺവേട്ടയിൽ ഇതിഹാസ താരം വിരാട് കോലിയുടെ റെക്കോർഡുകൾ ഒന്നൊന്നായി സഞ്ജു പഴങ്കഥയാക്കി. 2014-ൽ കോലി നേടിയ 319 റൺസെന്ന റെക്കോർഡ് മറികടന്ന് 321 റൺസുമായി ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി സഞ്ജു മാറി. വെറും അഞ്ച് ഇന്നിംഗ്സുകളിൽ നിന്നാണ് സഞ്ജു ഈ നേട്ടം കൊയ്തത് എന്നത് ശ്രദ്ധേയമാണ്. കൂടാതെ, ലോകകപ്പ് ഫൈനലിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ (89), സെമിയിലും ഫൈനലിലും അർദ്ധസെഞ്ച്വറി നേടുന്ന താരം എന്നീ കോലിയുടെ റെക്കോർഡുകളും സഞ്ജു സ്വന്തം പേരിലാക്കി.
റെക്കോർഡുകളുടെ പെരുമഴ
2016-ൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസ് താരം മാർലൻ സാമുവൽസ് നേടിയ 85 റൺസെന്ന ഫൈനലിലെ ഉയർന്ന സ്കോറും സഞ്ജു മറികടന്നു. ടൂർണമെന്റിലെ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് സഞ്ജു (321 റൺസ്). പാകിസ്ഥാന്റെ സാഹിബ്സാദ ഫർഹാനും (383), ന്യൂസീലൻഡ് താരം ടിം സെയ്ഫർട്ടും (326) മാത്രമാണ് സഞ്ജുവിന് മുന്നിലുള്ളത്. ഈ തകർപ്പൻ പ്രകടനത്തോടെ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ‘മാൻ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരവും സഞ്ജുവിനെ തേടിയെത്തി.
ചെപ്പോക്കിന്റെ പുത്രനാകാൻ സഞ്ജു
ലോകകപ്പ് വിജയത്തിന് ശേഷം ഐപിഎല്ലിന്റെ ആവേശത്തിലേക്കാണ് സഞ്ജു കടക്കുന്നത്. 18 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറിയ താരം ഇനി ചെപ്പോക്കിന്റെ പ്രിയപുത്രനാകും. വരും വർഷങ്ങളിൽ ഇന്ത്യൻ ട്വന്റി20 ടീമിലെ ഏറ്റവും വിശ്വസ്തനായ ബാറ്ററായി സഞ്ജു സാംസൺ മാറുമെന്നുറപ്പാണ്. ഇന്ത്യൻ ദേശീയ ടീമിനെ ഒരു മലയാളി നായകനായി നയിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം.