ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; സഞ്ജു സാംസൺ ടീമില്‍

Jaihind News Bureau
Monday, October 26, 2020

 

കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷമുള്ള ആദ്യ വിദേശ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന, ട്വ‍ന്‍റി20 ടീമുകളെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ 20-20 പരമ്പയിൽ ഇടം നേടി.

വിരാട് കോഹ്‌ലിയാണ് മൂന്നു ഫോർമാറ്റിലും നായകൻ. പരിക്കേറ്റക്കുള്ള രോഹിത് ശർമ, ഇഷാന്ത് ശർമ എന്നിവരെ പരിഗണിച്ചിട്ടില്ല. അജിങ്ക്യ രഹാനെയാണ് ടെസ്റ്റ് ടീമിന്‍റെ ഉപനായകൻ. ട്വന്‍റി20 ഏകദിന ടീമുകളുടെ ഉപനായകൻ കെ.എൽ. രാഹുലാണ്.

യുഎഇയിൽ പുരോഗമിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസൺ ട്വന്‍റി20 ടീമിൽ ഇടംപിടിച്ചു. മുംബൈ ഇന്ത്യൻസിന്‍റെ സൂര്യകുമാർ യാദവ് ടീമിൽ ഇടംപിടിക്കുമെന്ന് കരുതിയിരുന്നെങ്കിലും അവസരം ലഭിച്ചില്ല. അമിതവണ്ണം മൂലം ടീമിലേക്ക് പരിഗണിക്കില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്ന യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ടെസ്റ്റ് ടീമിൽ ഇടംപിടിച്ചു. അതേസമയം ഏകദിന, ട്വന്‍റി20 ടീമുകളിൽ പന്തിന് ഇടമില്ല.

ഐപിഎലിന് ശേഷം നവംബറിൽ ആരംഭിക്കുന്ന പര്യടനത്തിൽ മൂന്ന് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. സുനിൽ ജോഷിയുടെ നേതൃത്വത്തിലുള്ള സിലക്ടർമാർ വീഡിയോ കോൺഫറൻസ് വഴി യോഗം ചേർന്നാണ് ടീമിനെ തിരഞ്ഞെടുത്തത്.