
അടുത്ത ഐ.പി.എല്‍. സീസണില്‍ മലയാളി താരം സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മഞ്ഞ ജഴ്സിയണിയും. താരത്തെ കൈമാറാന്‍ രാജസ്ഥാന് റോയല്‍സ് സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഈ താരക്കൈമാറ്റത്തിലൂടെ രവീന്ദ്ര ജഡേജ ചെന്നൈയില്‍ നിന്ന് രാജസ്ഥാന് റോയല്‍സിലേക്ക് എത്തും. ഇരു ടീമുകളും തമ്മില്‍ ധാരണയിലെത്തിയതായും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.
ചെന്നൈ ടീമില്‍ സഞ്ജു വിക്കറ്റ് കീപ്പറുടെ റോളിലാകും കളിക്കുക. കഴിഞ്ഞ സീസണിലെപ്പോലെ, ഈ സീസണിലും എം.എസ്. ധോണി തന്നെയാകും ചെന്നൈയെ നയിക്കുക. ക്യാപ്റ്റന്‍ സ്ഥാനം സഞ്ജുവിന് ലഭിക്കില്ലെന്നാണ് വിവരം. 2012-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലൂടെ ഐ.പി.എല്‍. അരങ്ങേറ്റം കുറിച്ച സഞ്ജു, തൊട്ടടുത്ത വര്‍ഷം രാജസ്ഥാന് റോയല്‍സില്‍ എത്തിയിരുന്നു. പിന്നീട് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലും കളിച്ച ശേഷം 2018-ലാണ് വീണ്ടും രാജസ്ഥാനിലേക്ക് മടങ്ങിയെത്തിയത്. 2021-ല്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത സഞ്ജുവിനെ കഴിഞ്ഞ സീസണില്‍ 18 കോടി രൂപയ്ക്കാണ് ടീം നിലനിര്‍ത്തിയിരുന്നത്.
മറുവശത്ത്, രാജസ്ഥാന് റോയല്‍സിലേക്ക് പോവുകയാണെങ്കില്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കാമെന്ന ഉറപ്പിലാണ് രവീന്ദ്ര ജഡേജ ഈ കൈമാറ്റത്തിന് സമ്മതം അറിയിച്ചതെന്നാണ് വിവരം. ജഡേജയുടെ ഐ.പി.എല്‍. കരിയര്‍ ആരംഭിച്ചത് രാജസ്ഥാന് റോയല്‍സിലായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ജഡേജയ്ക്ക് പുറമെ, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറനെയും രാജസ്ഥാന് ആവശ്യപ്പെട്ടിട്ടുണ്ട്. സാം കറന്റെ തീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും ഈ താരക്കൈമാറ്റം സംബന്ധിച്ച അന്തിമ പ്രഖ്യാപനം വരിക.