‘ചേട്ടന്‍ വന്നല്ലേ’… സഞ്ജു ഇനി ചെന്നൈയില്‍; ഔദ്യോഗിക പ്രഖ്യാപനം; ജഡേജ രാജസ്ഥാനിലേക്ക്

Jaihind News Bureau
Saturday, November 15, 2025

 

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇനി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ സ്വന്തം. പകരം ചെന്നൈയുടെ വിശ്വസ്തനായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനും രാജസ്ഥാന്‍ റോയല്‍സിലേക്ക് ചേക്കേറും. ഇതുസംബന്ധിച്ച സ്ഥിരീകരണം ചെന്നൈ സൂപ്പര്‍ കിങ്സ് അവരുടെ സാമൂഹിക മാധ്യമ പേജുകളിലൂടെ അറിയിച്ചു. ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ താരക്കൈമാറ്റങ്ങളില്‍ ഒന്നാണ് ഇത്.

സി.എസ്.കെ. ജഴ്സിയണിഞ്ഞ സഞ്ജുവിന്റെ ചിത്രം പങ്കുവെച്ച്, ‘വണക്കം സഞ്ജു’ എന്ന കുറിപ്പോടെയാണ് ടീം താരത്തെ സ്വാഗതം ചെയ്തത്. ‘ഇല്ലുമ്മിനാറ്റി’ എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് ‘എക്‌സി’ല്‍ ഈ വരവ് അറിയിച്ചത്. 2021 മുതല്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച സഞ്ജു, ആ വര്‍ഷം ടീമിനെ ഐ.പി.എല്‍. ഫൈനലിലെത്തിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ 18 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സഞ്ജുവിനെ നിലനിര്‍ത്തിയത്.

സഞ്ജുവിനെ വിട്ടുനല്‍കിയതിന് പകരമായി ചെന്നൈയുടെ സീനിയര്‍ താരം രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനും രാജസ്ഥാന്‍ റോയല്‍സിലേക്ക് ചേക്കേറും. 2012 മുതല്‍ ചെന്നൈ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന ജഡേജ, ടീമിന്റെ മൂന്ന് കിരീട നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ജഡേജയുടെയും സഞ്ജുവിന്റെയും പ്രതിഫലം തുല്യമാണ്.

സാം കറനെ 2.4 കോടി രൂപയ്ക്കാണ് റോയല്‍സ് സ്വന്തമാക്കിയത്. കറനെ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട വിദേശ താരങ്ങള്‍ക്കുള്ള സ്ലോട്ട് അടക്കമുള്ള സാങ്കേതിക കാര്യങ്ങള്‍ കരാര്‍ പൂര്‍ത്തിയാക്കുന്നതിന് വിലങ്ങുതടിയായി നിന്നിരുന്നു. എന്നാല്‍, ഈ ട്രേഡ് നീക്കത്തിന് ബി.സി.സി.ഐ. ഇപ്പോള്‍ ഔദ്യോഗിക അനുമതി നല്‍കിയിട്ടുണ്ട്.