Congress Protest| രാഹുല്‍ ഗാന്ധിക്കെതിരായ സംഘപരിവാറിന്റെ വധഭീഷണി; കോണ്‍ഗ്രസ് സംസ്ഥാനവ്യാപക പ്രതിഷേധം

Jaihind News Bureau
Sunday, September 28, 2025

സ്വകാര്യചാനല്‍ ചര്‍ച്ചക്കിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി വക്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. സെപ്റ്റംബര്‍ 29ന് വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.

രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി ഉണ്ടായിട്ടും അതിനെ കേരളത്തിലെ ആഭ്യന്തര വകുപ്പ് ഗൗരവമായി കാണുന്നില്ല. വധ ഭീഷണി മുഴക്കിയ ബിജെപി നേതാവിനെ സംരക്ഷിക്കുന്ന നിലപാട് എല്‍ഡിഎഫ് സര്‍ക്കാരിന്റെത്. ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ പുറത്താണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും നിയമനടപടി സ്വീകരിക്കാതെ ബിജെപിയുടെ വിദ്വേഷ പ്രചാരകര്‍ക്ക് പ്രോത്സാഹനവും സംരക്ഷണവും നല്‍കുന്നതിലൂടെ പിണറായി സര്‍ക്കാരിന്റെ കൂറ് ആരോടാണെന്ന് പരസ്യമായി പ്രഖ്യാപിക്കുക കൂടിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

രാജ്യത്തിന്റെ മതേതരത്വവും ഐക്യവും സംരക്ഷിക്കാന്‍ വേണ്ടി പ്രയത്നിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പാര്‍ലമെന്റിനകത്തും പുറത്തും പോരാടുന്ന നേതാവ്. ബിജെപി രാജ്യവ്യാപകമായി നടത്തുന്ന വോട്ടുക്കൊള്ളയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവ്. രാഹുല്‍ഗാന്ധി ഉയര്‍ത്തുന്ന ആശയങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ ബിജെപിക്ക് കഴിയുന്നില്ല. അതിനാലാണ് അദ്ദേഹത്തെ കായികമായി ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നത്. ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് ഭയപ്പെടില്ലെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.