RAMESH CHENNITHALA| വൈദികരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്ന നടപടി സംഘ് പരിവാര്‍ നിര്‍ത്തണം – രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, July 27, 2025

ഛത്തീസ്ഗഡില്‍ രണ്ടു കന്യാസ്ത്രീകള്‍ക്കു നേരെയുണ്ടായ ആള്‍ക്കൂട്ടവിചാരണയും പോലീസ് കേസും മതേതര ഇന്ത്യ എന്ന സങ്കല്‍പത്തിന്റെ അടിവേരറുക്കുന്നവയാണെന്ന് രമേശ് ചെന്നിത്തല. വൈദികരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്ന നടപടി സംഘ് പരിവാര്‍ അവസാനിപ്പിക്കണമെന്നും അപരവിദ്വേഷത്തിന്റെ വിഷം വിതച്ച് ഒരു രാജ്യം കെട്ടിപ്പടുക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ത്യ എന്ന രാഷ്ട്രസങ്കല്‍പത്തിനെ തകര്‍ത്തുകളയുന്ന കാര്യങ്ങളാണ് സംഘ് പരിവാറും രാജ്യം ഭരിക്കുന്ന ബിജെപിയും ഉത്തരേന്ത്യയില്‍ നടത്തുന്നത്. ബിജെപി ഭരിക്കുന്ന ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ പുരോഹിതര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. കന്യാസ്ത്രീകള്‍ക്കു തിരുവസ്ത്രം ധരിച്ചു പോലും പുറത്തിറങ്ങാന്‍ പറ്റാത്ത നിലയിലേക്ക് ഉത്തരേന്ത്യയില്‍ ക്രൈസ്തവ സമുദായം അടിച്ചമര്‍ത്തപ്പെടുന്നു. ഇത് ക്രൂരവും മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങളുടെ ലംഘനവുമാണ്.

സഭാവസ്ത്രം ധരിച്ചതു കൊണ്ടു മാത്രം ഒരാള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുകയെന്നത് ചിന്തിക്കാന്‍ പോലുമാകുന്നില്ല. ഇതല്ല ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ഇന്ത്യ. ഇതല്ല ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ഒരുമിച്ചു കൈകോര്‍ത്തു നില്‍ക്കുന്ന ഇന്ത്യയെന്നും അപരവിദ്വേഷത്തിന്റെ വിഷം വിതച്ച് ഒരു രാജ്യം കെട്ടിപ്പടുക്കാനാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.