സന്ദീപ് വാര്യര്‍ക്ക് കെപിസിസിയില്‍ സ്വീകരണം നല്‍കി; കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സ്വീകരിച്ചു

Jaihind Webdesk
Wednesday, December 4, 2024


തിരുവനന്തപുരം : സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ സ്വീകരിച്ചു.കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്.ബാബു,രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയവരും സന്ദീപിനെ സ്വീകരിക്കാന്‍ കെപിസിസി ആസ്ഥാനത്തുണ്ടായിരുന്നു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭയില്‍ നടന്നസത്യപ്രതിജ്ഞാ ചടങ്ങളില്‍ സന്ദീപ് വാര്യര്‍ പങ്കെടുത്തു.

ബിജെപിയെന്ന സ്വേച്ഛാധിപത്യ സംവിധാനത്തില്‍ നിന്നും പുറത്ത് വന്ന് കോണ്‍ഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷം ഭിന്നിപ്പിന്റെ രാഷ്ട്രീയവുമായി ബിജെപി രാജ്യം ഭരിച്ചപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷാ മതിലായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും ആ പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് പൊതുജീവിതത്തിലെ വലിയ സൗഭാഗ്യമായി കാണുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.