ലക്ഷങ്ങളുടെ തട്ടിപ്പ്; സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കി

Jaihind Webdesk
Monday, October 10, 2022

കോട്ടയം: ബിജെപി സംസ്ഥാന വക്താവ്‌ സ്ഥാനത്തുനിന്ന്‌ സന്ദീപ്‌ വാര്യരെ പുറത്താക്കി. കോട്ടയത്ത്‌ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ്‌ നടപടി. പാർട്ടിയെ ഉപയോഗിച്ച്‌ ലക്ഷങ്ങൾ തട്ടിച്ചെന്ന ആരോപണത്തിലാണ് നടപടി.

പാര്‍ട്ടിയുടെ പേരില്‍ സന്ദീപ് വാര്യര്‍ അനധികൃതമായി ലക്ഷങ്ങള്‍ പിരിച്ചെന്ന് നാല് ജില്ലാ അധ്യക്ഷന്മാര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സന്ദീപ് വാര്യര്‍ക്കെതിരായ നടപടി. ഇതിനെ തുടര്‍ന്ന് പരാതിക്കാരെയും ആരോപണ വിധേയനേയും തിരുവനന്തപുരത്ത് വിളിച്ച് വരുത്തിയിരുന്നു. ഇവരോട് സംസ്ഥാന അധ്യക്ഷനും രണ്ട് സംഘടനാ ജനറല്‍ സെക്രട്ടറിമാരും അടക്കമുള്ള സമിതി വിശദീകരണവും തേടിയിരുന്നു.

പാർട്ടിയെ ഉപയോഗിച്ച്‌ ലക്ഷങ്ങൾ തട്ടിച്ചെന്ന്‌ പാലക്കാട്‌, തൃശൂർ, മലപ്പുറം, കോഴിക്കോട്‌ ജില്ലാ കമ്മിറ്റികളാണ് സന്ദീപ് വാര്യർക്കെതിരെ നേതൃത്വത്തിന് പരാതി നല്‍കിയത്. നടപടി ഉണ്ടായതോടെ കോട്ടയത്തെ സംസ്ഥാന ഭാരവാഹി യോഗത്തിൽ പങ്കെടുക്കാതെ സന്ദീപ്‌ വാര്യർ മടങ്ങി. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് കോട്ടയത്ത് യോഗം ചേര്‍ന്നത്.